കായംകുളത്തിന്റെ കഥ – 190

Uncategorized

കായംകുളത്തിന്റെ കഥ – 190

കായംകുളത്തെ എംഎൽഏ മാർ.
തച്ചടി പ്രഭാകരൻ.
(ഭാഗം 1)

ഏഴു തവണ കേരള നിയമസഭയിലേക്ക് മത്സരിക്കുകയും അതിൽ ഒരിക്കൽ (1970)
ഹരിപ്പാട് നിന്നും ഒഴികെ ബാക്കിയെല്ലാം സ്വന്തം ജന്മനാടും പോറ്റുനാടും തട്ടകവുമായ കായംകുളത്ത് നിന്നും. അതിൽ മൂന്നു തവണ വെന്നിക്കൊടി നാട്ടുകയും ആ റിക്കാർഡ് ഇതുവരെ ഭേദിക്കപ്പെടാതെ കിടക്കുകയുമാണ്.
അതിൽ ആദ്യ തവണ മൽസരിക്കുമ്പോൾ പ്രായം ഇരുപത്തെട്ട്. മത്സരിച്ചപ്പോഴെല്ലാം അതികായന്മാരോടാണ് ഏറ്റുമുട്ടേണ്ടി വന്നത്.

പറഞ്ഞു വരുന്നത് കഴിവും കാര്യശേഷിയും ലക്ഷ്യബോധവും തന്റേടവും രാഷ്ട്രീയ പ്രബുദ്ധതയും ആർജിച്ചെടുത്ത,
ജീവിതം സമാരാത്മക പോരാട്ടത്തിന്റെ രണഭൂമിയിൽ തേരാളിയായി യുദ്ധം നയിച്ച
മുൻധനകാര്യമന്ത്രിയും കായംകുളത്തിന്റെ മാനസപുത്രനുമായിരുന്ന തച്ചടി പ്രഭാകരനെ പറ്റിയാണ്. ജന്മനാടിനെ ജന്മഗ്രഹമായി കണ്ട് അരനൂറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിലും
വിശേഷിച്ച് കായംകുളത്തും സവിശേഷമായ
രാഷ്ട്രീയ സാമൂഹിക സഹകരണ മേഖലയിൽ അത്യപൂർവ്വമായ വ്യക്തിമുദ
പതിപ്പിച്ച തച്ചടി ഇപ്പോഴും ജനമനസ്സുകളിൽ
പച്ചയായ ഓർമ്മയാണ്.

ഈ ലോക്ക്ഡൗൺ ഘട്ടത്തിൽ പോലും നൂറുകണക്കിന് വീടകങ്ങൾ സംതൃപ്തിയോടെ കഴിയുന്നത്
തച്ചടി പ്രഭാകരൻ എന്ന മനുഷ്യസ്നേഹി ഇടപെട്ട് നൽകിയ സർക്കാർ, അർദ്ധ സർക്കാർ ജോലിയിലൂടെയാണ്.
കായംകുളത്ത് മാത്രമല്ല സംസ്ഥാനത്തെങ്ങും
മുള്ള ആയിരക്കണക്കിന് വീടുകളിൽ ഇപ്പോഴും തച്ചടിയുടെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്നത് അതിശയത്തോടെ ഈയുള്ളവൻ നോക്കി നിന്നിട്ടുണ്ട്.

ഇനിയദ്ദേഹത്തിന്റെ തെരഞ്ഞുടുപ്പ് രംഗത്ത് നിന്നുമുള്ള ഒരു സംഭവം ഇവിടെ കോറിയിടട്ടെ. 1965ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തച്ചടിയുടെ
കന്നിമത്സരത്തിൽ കൈകൊടുത്തതാകട്ടെ ഡോ. പികെ.സുകുമാരനോട്.
തുടർന്ന് രണ്ടാം തവണ ഏറ്റുമുട്ടേണ്ടി വന്നതാവട്ടെ കേരള രാഷ്ട്രീയത്തിലെ അതികായനും കിങ്‌മേക്കറും കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്നേ തിരുവിതാംകൂറിലും തിരു- കൊച്ചിയിലുമുള്ള
പല മണ്ഡലങ്ങളിലും അതായത് കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും കൃഷ്ണപുരത്തു ആലുവയിലുമൊക്കെ മത്സരിച്ചു തെരെഞ്ഞെടുപ്പ് രംഗം പുഷ്പത്തെ പോലെ കൈകാര്യം ചെയ്തു വന്ന പി.കെ.കുഞ്ഞു സാഹിബിനോടാണ്.1967 ൽ കായംകുളത്ത്.

തച്ചടിയും കുഞ്ഞു സാഹിബുമായുള്ള പടയോട്ടത്തിൽ ആമയും മുയലും തമ്മിലുള്ള
ഓട്ട മൽസരത്തോടാണ് ചരിത്രം രേഖപ്പെടുത്തിയത്. കുഞ്ഞു സാഹിബിന്റെ വീടായ പുത്തൻപുരയിലെ പൂമുഖത്ത് മണ്ഡലത്തിൽ നിന്നുള്ള നേതാക്കന്മാരും പൗരപ്രമുഖരും സംസ്ഥാന തെരെഞ്ഞെടുപ്പ് വിദഗ്ധരും സാന്നിഹിതരായി പ്രവർത്തന തന്ത്രം രൂപപ്പെടുത്തുകയാണ്. ഒരാൾ എഴുന്നേറ്റ് നിന്നു കൊണ്ട് ഇക്കുറി നമ്മൾക്ക് ഈസി വാക്കോവർ ആണ്. എതിരാളി കളരിയിലെ പുതുമുഖമാണ്, കൂടാതെ പയ്യനാണ്, തന്ത്രങ്ങളൊക്കെ പഠിച്ചു വരുന്നതെയുള്ളൂ,നമ്മൾക്ക് കൂടുതൽ വിഭാവങ്ങളൊന്നും ഇക്കുറി വിളമ്പേണ്ടി വരില്ല, തച്ചടി പ്രഭാകരൻ വെറും പയ്യനാണ് എന്നെക്കെ പറഞ്ഞു ഇരുന്നു.

രണ്ടാഴ്ച കഴിഞ്ഞു, തിരെഞ്ഞെടുപ്പിന്
ഇനി ഏതാനും ദിവസങ്ങൾ മാത്രം.
പുത്തൻപുരയിൽ അടിയന്തിര യോഗം വിളിച്ചു. കിടയമൂപ്പൻമാരും, കരപ്രമാണിമാരും, തെരഞ്ഞുടുപ്പ് വിദഗ്ധരും, പാർട്ടി നേതാക്കളും അണി നിരന്നു. യോഗം വളരെ ശോകമൂകമായി ആരംഭിച്ചു. അവലോകന റിപ്പോർട്ടുകൾ വായിച്ചു. ചിത്രം മാറി, മത്സരം കടുത്തു. വിജയ സാധ്യത നേരിയത് മാത്രം. ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി.അവസാനം കുഞ്ഞു സാഹിബ് എഴുന്നേറ്റു. സംസാരം ആരംഭിച്ചു. ഞാൻ പല മണ്ഡലങ്ങളിൽ പലകുറി മത്സരിച്ചു, എന്നാൽ, ഇവിടെ ഒരു പയ്യന്റെ മുന്നിൽ വിജയത്തിന്റെ സാധ്യത വളരെ നേരിയത് മാത്രമാണ്. ഒരു പക്ഷെ പരാജയ സാധ്യത തള്ളിക്കളയാൻ കഴിയില്ല.
തന്ത്രം മാറ്റിയെ പറ്റൂ. എല്ലാവരും ഉണർന്ന് പ്രവർത്തിക്കേണ്ടി വരും. നമ്മളെ സഹായിക്കാമെന്ന് ഏറ്റവർ പലരും മറുകണ്ടം ചാടികഴിഞ്ഞു. ഇനി നമുക്ക് വിശ്രമമില്ലാതെ പണിയെടുക്കുക തന്നെ. ഒരു കാര്യം കൂടി, എന്നിരുന്നാലും അപ്പുറം ഒന്ന് ശ്രദ്ധിക്കുക എന്നുകൂടി പറഞ്ഞു കുഞ്ഞു സാഹിബ് തന്റെ കസേരയിൽ ഇരിക്കാതെ ഭാര്യയെയും മക്കളെയും അകത്തു നിന്നും വിളിച്ചു ഇറക്കി യോഗത്തിൽ പങ്കടുത്തവരും ചേർന്ന് ഒന്നായി ഒരു കൊടുങ്കാറ്റ് പോലെ മണ്ഡലത്തിലെ തെക്ക് പടിഞ്ഞാറേയറ്റത്തേക്ക് നടന്നു. പിന്നീട് വിശ്രമമില്ലാത്ത പൊരിഞ്ഞ പോരാട്ടം തന്നെ നടത്തിയാണ് തച്ചടിയോട് കുഞ്ഞു സാഹിബ് വിജയിച്ചത്. ഇവിടെ തച്ചടിയുടെ കഴിവും പ്രാപ്തിയും ഏത് അളവ് കോൽ വച്ച് നിർണയിക്കാൻ കഴിയുമെന്ന് പരിശോധിക്കുക.

നീണ്ട കൃശഗാത്രൻ, നട്ടെല്ല് വളയാത്ത ശരീരം, ആരെയും ആകർഷിക്കുന്ന പുഞ്ചിരി,
ആർക്കും വിരോധം ഉണ്ടാക്കാത്ത പ്രകൃതം. പെരുമാറ്റം. ശത്രുക്കളെ പോലും കീഴടക്കുന്ന
ബുദ്ധി കൂർമ്മത, ഇടിച്ചിടിച്ചു നിൽക്കുന്ന സാമർഥ്യം, ദൃഢതയാർന്ന വ്യക്തിത്വം ഇങ്ങനെ ഒരാൾ രണ്ടു പതിറ്റാണ്ട് മുൻപേ ഈ വഴിത്താരയിൽ കൂടി കടന്ന് പോയി. എന്നാൽ
വച്ച ചുവടുകൾ ഇപ്പോഴും മണ്ണ് വീണ് നികന്നിട്ടില്ല. അദ്ദേഹം പടുത്തുയർത്തിയ സംരംഭങ്ങൾ സംസ്ഥാനത്തെങ്ങും തലയെടുപ്പോടെ മാനം മുട്ടി നിൽക്കുന്നു.

കായംകുളത്തിന്റെ മണ്ണിൽ പിറന്ന, നാട് ജന്മം നൽകിയ ഒരു എം.എൽ.എ.ക്കു വേണ്ടി നാട് ദാഹിക്കുമ്പോൾ ഏറ്റവും കൂടുതൽ നാൾ ഇവിടത്തെ എം.എൽ എ യായി വാണിടുന്നത് തച്ചടിയാണ്. തച്ചടിക്ക് ശേഷം കാൽ നൂറ്റാണ്ടുകളായി ഇവിടത്തുകാർ ജന പ്രതിനിധിയായിട്ട്. അതുകൊണ്ടാവാം എല്ലാവരുടെയും സ്വപ്നമായ കായംകുളം താലൂക്ക് അടക്കമുള്ള വിഷയങ്ങൾ ഇപ്പോഴും തെന്നിക്കളിക്കുന്നത്.

പത്തിയൂർ പഞ്ചായത്തിൽ തച്ചടിയിൽ വേലായുധന്റെയും മുതുകുളത്തു
വാലിശേരിൽ കാർത്ത്യായിനിയുടെയും എട്ട് മക്കളിൽ മൂന്നാമനായി 1936 ജൂലൈ 10 ന് പ്രഭാകരൻ ജനിച്ചു. ഇളയ സഹോദരങ്ങൾ ബാല്യത്തിൽ വിട്ടു പിരിഞ്ഞു. വല്യച്ഛൻ തച്ചടി വൈദ്യന് (ഉമ്മിണി) കുട്ടികളില്ലായിരുന്നു. അതിനാൽ അനുജൻ വേലായുധന്റെ മൂത്ത പുത്രനെ എടുത്തു വളർത്തി. ഇരുപതാം വയസ്സിൽ അദ്ദേഹവും മരണപ്പെട്ടു. തുടർന്ന് പ്രഭാകരൻ വല്യച്ഛന്റെ വീട്ടിൽ നിന്നും വളർന്നു. കായംകുളം ഗവ.ഹൈസ്കൂളിൽ പഠനമാരംഭിച്ചപ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
തുടരും..

——-ππ——–

അഡ്വ.ഒ.ഹാരിസ്.
കായംകുളം.
9447905874