ഞാൻ 2011 എൻ ആർ എച്ച് എം (NRHM) ഡയറക്ടർ ആയിരിക്കുമ്പോൾ എൻഡോസൾഫാന്റെ സംസ്ഥാന നോഡൽ ഓഫീസർ ആയിരുന്നു. ആ കാലഘട്ടത്തിൽ കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ രോഗബാധിതരുടെ വീട് സന്ദർശിച്ചപ്പോൾ എനിക്ക് എൻഡോസൾഫാൻ കാരണം ഉണ്ടാകുന്നു എന്ന് പറയുന്ന ജനതിക വിപത്തുകളെ പറ്റി ഇതൊക്കെ സത്യമാണോ എന്ന് സംശയം ഉണ്ടായിരുന്നു. കെമിക്കൽ എഞ്ചിനീയറിങ് പഠിക്കുകയും അതിന് ശേഷം ഫാക്ടറീസ് വകുപ്പിൽ കെമിക്കൽ സേഫ്റ്റിയുടെ ഹെഡ് ആയി പ്രവർത്തിക്കുകയും ചെയ്ത കാലയളവിൽ കീടനാശിനികൾ ഉത്പാദിപ്പിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഹിന്ദുസ്ഥാൻ ഇൻസെക്ടി സൈഡ് ലിമിറ്റഡ്, അപകടകരമായ കെമിക്കലുകൾ കൈകാര്യം ചെയ്യുന്ന മറ്റു ചില ഫാക്ടറികളും എന്നിവയൊക്കെ പരിശോധനാർത്ഥം സന്ദർശിക്കുകയുണ്ടായി. മാരകമായ കെമിക്കലുകൾ ഉണ്ടാക്കുന്ന ഈ ഫാക്ടറികളിലെ ജീവനക്കാർക്കോ അവരുടെ മക്കൾക്കോ ജനതിക വൈകല്യം ഉണ്ടായതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എൻഡോസൾഫാൻ തളിച്ചത് കൊണ്ടു കാസർകോട്ടെ ഏതാനും ചില പ്രദേശങ്ങളിൽ ഇത്തരത്തിൽ ദുരന്തം ഉണ്ടായി എന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഏതയാലും പാവപ്പെട്ട കുറെ ആൾക്കാർക്ക് സർക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതല്ലേ എന്ന് കരുതി ഈ സംഭവത്തിനെ പറ്റി എതിർത്തൊന്നും സംസാരിക്കുകയോ ഫയലിൽ എഴുതുകയോ ചെയ്തിട്ടില്ല.
അതിനുശേഷം സാമൂഹ്യനീതി വകുപ്പിന്റെ സെക്രട്ടറി ആയിരിക്കുമ്പോൾ ഈ വിഷയം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഈ കാര്യത്തിൽ യാതൊരു അടിസ്ഥാനമില്ലെന്ന് അറിയാമെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ പറയുകയോ ചെയ്യാൻ പാടില്ല എന്നുള്ളത് കൊണ്ട് അപ്പോഴും ഇതിനെ എതിർത്ത് മിണ്ടിയിട്ടില്ല. എൻഡോസൾഫാന്റിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പും ഇതുകൊണ്ട് ജീവിക്കുന്ന ചില സംഘടനകളും എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ വകുപ്പ് സെക്രട്ടറി എന്ന നിലയിൽ സാധിച്ചിട്ടുണ്ട്. ഞാൻ മനസ്സിലാക്കുന്നത് വരുന്ന ഇലക്ഷൻ മുമ്പ് കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച യാതൊരു ശാസ്ത്രീയ മാനദണ്ഡവും ഇല്ലാതെ എല്ലാവർക്കും കോടിക്കണക്കിന് രൂപ എത്തിക്കുന്ന ഒരു പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ്. ആദ്യഘട്ട ത്തിലെ 26 മെഡിക്കൽ ക്യാമ്പുകളിൽ ഡോക്ടർമാർ ഒരാളെ എൻഡോസൾഫാൻ വിഷബാധിത രോഗിയാക്കാൻ ഒരു മാനദണ്ഡവും സ്വീകരിച്ചിരുന്നില്ല. പിന്നീട് ജില്ല തലത്തിൽ ഉണ്ടാക്കിയ മാനദണ്ഡം സംസ്ഥാന തലത്തിൽ ഒരു വിഗദഗ്ധ സമിതിയും അംഗീകരിച്ചിരുന്നില്ല. ഇതൊക്കെ അശാസ്ത്രീയവും അധാർമികവും അൺപ്രൊഫഷണലും ആണെന്നും കാണിച്ചുകൊണ്ട് ഡോ. ശ്രീകുമാർ 2024 മെയ് മാസത്തിലെ ശാസ്ത്രഗതി മാസികയിൽ ലേഖനം എഴുതിയിട്ടുണ്ട്.
ജനങ്ങൾക്ക് പൈസ ഗവൺമെൻറ് കൊടുക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഭോപ്പാൽ ദുരന്തത്തിലെ പോലെ ഇവിടെയും അനർഹരായിട്ടുള്ളവർക്കാണ് കൂടുതലായി കൊടുത്തു കൊണ്ടിരിക്കുന്നത് എന്ന് മാത്രം. അതിനോട് യോജിക്കാൻ കഴിയുന്നില്ല. ആർക്കും ഇതിനെതിരെ ശബ്ദിക്കാൻ പേടിയാണ്. കോടതികൾക്ക് പോലും.
മേൽ സാഹചര്യത്തിലാണ് കാർഷിക സർവകലാശാലയിലെ പ്രൊഫസറായിരുന്ന, ഈ വിഷയത്തിൽ നടക്കുന്ന കപടതകളെ നിരന്തരമായി ചോദ്യം ചെയ്യുന്ന, ഡോക്ടർ കെ. എം. ശ്രീകുമാർ വ്യക്തമായി ഇതിന്റെ സത്യവും മിഥ്യയും എന്താണ് എന്ന് പ്രതിപാദിച്ചു കൊണ്ടുള്ള ഒരു ലേഖനം ഗ്രന്ഥ ലോകം എന്ന മാസികയിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചത്. അദ്ദേഹം ഇതിനു മുമ്പ് ഇതിൻറെ പൊള്ളത്തരം ശാസ്ത്രീയമായി പഠിച്ച് പല ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് . കലാകൗമുദിയിൽ മുൻപ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഞാനിവിടെ ആവർത്തിക്കട്ടെ ” ഇന്ത്യയിലെ 90 ലക്ഷം ഹെക്ടർ പരുത്തി കൃഷിയിൽ ആറുമാസകാലത്തേക്ക് 15-20 തവണ എന്ന് തോതിൽ 30 വർഷം എൻഡോസൾഫാൻ തളിച്ചിട്ടുണ്ട്. അവിടെ ഇല്ലാത്ത പ്രശ്നങ്ങൾ എങ്ങനെ കാസർഗോഡ് വന്നു. ശിശുക്കൾക്ക് തല വലുതാകുന്ന രോഗം എൻഡോസൾഫാൻ കാരണമെന്ന് ഒരു മെഡിക്കൽ പ്രബന്ധത്തിലും പറയുന്നില്ല. കാസർഗോഡിന്റെ മേൽ പതിപ്പിച്ച ജനിതിക രോഗികളുടെ നാട് എന്ന മുദ്ര മാറ്റിയെടുക്കണം” ആ ലേഖനത്തിൽ അദ്ദേഹം മറ്റൊരു ചോദ്യം ചോദിക്കുന്നു “പ്ലാന്റേഷൻ കോർപ്പറേഷന്റെ കണക്ക് പ്രകാരം ഒരു ഹെക്ടറിൽ ഒരു വർഷം 1.34 ലിറ്റർ എൻഡോസൾഫാൻ തളിക്കുന്നു ഇതിൻറെ എത്രയോ ഇരട്ടി വയലിനും തേയില തോട്ടത്തിലും തളിക്കുന്നുണ്ട്. അവിടെയൊന്നും ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.” ഒരു പക്ഷേ സർക്കാർ കമ്പനിക്കു പകരം ഒരു സ്വകാര്യ കമ്പനിയാണ് ഇതു തളിച്ചതെന്ന് ഇരിക്കെട്ടെ. ഇതിനകം തന്നെ ഈ വിഷയം കോടതികളിലും അല്ലാതെയും (കാണേണ്ട വരെ കണ്ടിട്ട്) ഒതുങ്ങി പോകുമായിരുന്നു. ഒരു കോമ്പൻസേഷനും കൊടുക്കാതെ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്ന് സ്വകാര്യ കമ്പനികൾക്ക് അറിയാം.

എൻറെ ചോദ്യം ഇതാണ്:- ലോകത്ത് എമ്പാടും എൻഡോസൾഫാൻ കൃഷി ഭൂമികളിൽ തളിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ മാരകമായ കീടനാശിനികൾ ഉണ്ടാക്കുന്ന ഫാക്ടറികളിലെ ( പേര് ഞാൻ പറയുന്നില്ല) തൊഴിലാളികൾ അവ എത്രത്തോളം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. മാരക കീടനാശിനികൾ ഒരു തോർത്തുകൊണ്ട് മൂക്ക് പോലും കെട്ടാതെ ഷവലിൽ എടുത്ത് ചാക്കിൽ നിറക്കുന്ന തൊഴിലാളികളെ കണ്ടിട്ടുണ്ട്. ഇങ്ങനെ മാരക കെമിക്കലുകൾ കൈകാര്യം ചെയ്യുന്ന എൻഡോസൾഫാൻ ഉൾപ്പെടെയുള്ള വിഷം ഉല്പാദിപ്പിക്കുന്ന ഫാക്ടറിയിലെ ജീവനക്കാർക്ക് അല്ലെങ്കിൽ ലോകത്തെവിടെയെങ്കിലും ആർക്കെങ്കിലും ജനതിക വൈകല്യമുള്ള കുട്ടികൾ ജനിച്ചിട്ടുണ്ടോ? എവിടെയെങ്കിലും അങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?
ഡോ. സജിത്ത് ബാബു കാസർകോട് ജില്ല കലക്ടറായിരുന്നപ്പോൾ എൻഡോസൾഫാൻ സഹായധനവുമായി ബന്ധപ്പെട്ട്നടത്തിയ അന്വേഷണ റിപ്പോർട്ടും കൂടെ വെച്ചിരിക്കുന്നു . ഞെട്ടിപ്പിക്കുന്ന ധനദുർവിനിയോഗം റിപ്പോർട്ടിൽ നിന്നും വ്യക്തമാണ് എന്നിട്ടും സർക്കാർ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു എന്ന് പത്രത്തിൽ വായിച്ചു. ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല. എല്ലാവരും ചേർന്നുള്ള കൂട്ട് കൃഷിയാണ് അവിടെ നടക്കുന്നത്.
ഒറ്റ അപേക്ഷയുള്ളൂ. കേരളത്തിൽ 8 ലക്ഷത്തി അധികം വൈകല്യമുള്ള ആൾക്കാർ ഉണ്ട്. അവർക്കും ഇപ്പോൾ കോടതിവിധി അനുസരിച്ച് 5 ലക്ഷം രൂപ വീതം കൊടുക്കാൻ സംസ്ഥാന ഗവൺമെൻറ് തയ്യാറാകണം. കാസർകോട്ടെ വൈകല്യം പ്രധാനമായും സെറിബൽ പാൽസിയാണ്. അത് ഉള്ള കുട്ടികൾക്കും ജീവിച്ചിരിക്കുന്ന വൈകല്യമുള്ളവർക്കും കുറഞ്ഞത് 5 ലക്ഷം രൂപ കൊടുക്കണം. അതല്ലാതെ സമരക്കാരുടെ പോക്കറ്റ് വീർപ്പിക്കാൻ ആയി കേരള ഗവൺമെൻറ് പൈസ ചെലവഴിക്കരുത് എന്നാണ് അഭിപ്രായം. ഡോക്ടർ കെ. എം. ശ്രീകുമാർന്റെ “എൻഡോസൾഫാൻ സത്യവും മിഥ്യയും എന്താണ്” എന്ന് വിശദമാക്കുന്ന ലേഖനം ഇതോടൊപ്പം ചേർക്കുന്നു. വായിച്ചാൽ എന്താണ് സത്യം എന്ന് മനസ്സിലാകും.
