2018 ആഗസ്റ്റിലെ മഹാ പ്രളയം – ഈ ചാലക്കുടിക്കാരെയും അങ്കമാലിക്കാരെയും എങ്ങനെ മറക്കും

General

ഇന്ന് ആഗസ്ത് 16.കഴിഞ്ഞ വർഷം അതായതു 2018 ആഗസ്ത് പതിനാറാം തീയതി രാവിലെ ഏതാണ്ട് പതിനൊന്നരയോടുകൂടിയാണ് റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ പി എച് കുര്യൻ സാറിന്റെ ഫോൺ വിളി വരുന്നത്. രണ്ടു ദിവസമായി തകർത്തു പെയ്യുന്ന മഴ വിതക്കുന്ന നാശനഷ്ടങ്ങൾ ടിവിയിൽ കാണുന്നുണ്ട്. പ്രത്യേകിച്ച് തിരുവന്തപുരത്തു എനിക്കറിയാവുന്ന അറിയാവുന്ന ആൾക്കാരും പ്രദേശങ്ങളും ദുരിതം അനുഭവിക്കുന്നത് കണ്ടപ്പോൾ വീട്ടിൽ ഇങ്ങനെ കുത്തിയിരിക്കാതെ എന്തെകിലും ചെയ്യണം എന്ന് തോന്നലുണ്ടായി. എന്നാൽ ഒരു ജില്ലാ കളക്ടർ ഈ കാര്യങ്ങളിൽ ഒക്കെ ഇടപെട്ടു കൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ – അതും ഒരു മുൻ ജില്ലാ കളക്ടർ ആരും ചുമതലപ്പെടുത്താതെ ജില്ലയിൽ ഇറങ്ങി പ്രവർത്തിക്കുക എന്നത് ശരിയല്ല എന്നു തോന്നിയത് കൊണ്ട് തിരുവന്തപുരത്തു എങ്ങും പോകേണ്ടതില്ല എന്ന് തീരുമാനിച്ചു.ഇടയ്ക്കു ജില്ലാ കളക്ടർ ആണ് എന്ന് കരുതി സഹായം അഭ്യർത്ഥിച്ചു ജന പ്രതിനിധികളുടെയും സാധാരണക്കാരുടെയും ഫോൺ കോളുകൾ എന്റെ ഫോണിൽ വരുന്നുണ്ട്. ആകെ അസ്വസ്ഥനായി ഇരിക്കുമ്പോളാണ് കുര്യൻ സാറിന്റെ വിളി വരുന്നത്. “തന്നെ തൃശൂർ കളക്ടറെ സഹായിക്കാനായി നിയോഗിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഉടൻ അവിടെ എത്തണം” ഇതായിരുന്നു സന്ദേശം.

ഉടൻതന്നെ എന്റെ ഡ്രൈവർ വിജയകുമാറിനെയും, സാമൂഹിക സുരക്ഷാ മിഷനിലെ ഡയറക്ടർ Dr.അഷീലിനെയും,നിഷാന്തിനെയും, നസീമിനെയും വിളിച്ചു. ഉടൻ പുറപ്പെടുക.എത്ര ദിവസം കഴിഞ്ഞു വരാം എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ആവശ്യത്തിന് ഡ്രസ്സ് എടുക്കുക.ഇതായിരുന്നു ഇവർക്കെല്ലാം എന്റെ നിർദ്ദേശം.2 മണിയോടു കൂടി എല്ലാവരും പുറപ്പെട്ടു.രാത്രി ഒൻപതരയ്ക്ക് തൃശൂർ കളക്ടറേറ്റിൽ എത്തി കളക്ടർ TV അനുപമയെ കണ്ടു. ഏതു തരത്തിൽ ആണ് ഞാൻmസഹായിക്കേണ്ടത് എന്ന് ആരാഞ്ഞു.ഫീൽഡിൽ എന്താണ് നടക്കുന്നതെന്ന് എന്ന് കളക്ടറേറ്റിൽ മുഴുവൻ സമയവും ഇരിക്കുന്നത് കൊണ്ട് മനസ്സിലാകുന്നില്ല. ഒന്ന് ഫീൽഡ് വിസിറ്റ് ചെയ്‌തു നോക്കി അറിയിച്ചാൽ അതനുസരിച്ചു നടപടികൾ ഊര്ജിതപ്പെടുത്താനാവും. ഇതാണ് കളക്ടർ പറഞ്ഞത്

പിറ്റേന്ന് അതിരാവിലെ തന്നെ ചാലക്കുടി പുഴ കടന്നു പല പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മറ്റു വെള്ളം കയറിക്കിടക്കുന്ന സ്ഥലങ്ങളും സന്ദർശിച്ചു. ചിലയിടങ്ങളിലുള്ള പ്രശ്നങ്ങൾ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. ചില സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.അവർക്കു ആവശ്യമായ നിർദ്ദേശങ്ങൾ കൊടുത്തു.ഉച്ചക്ക് മുൻപേ തിരികെ കളക്ടറേറ്റിലേക്കു പോകാനാനായി നാഷണൽ ഹൈവേയിൽ വന്നപ്പോൾ കണ്ട കാഴ്ച – ചാലക്കുടി പാലം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി നിൽക്കുന്നു .

ഉടൻ തന്നെ ഈ വിവരങ്ങൾ കുര്യൻ സാറിനെ അറിയിച്ചു.അദ്ദേഹം നേവിയുടെ ബോട്ടുകൾ രാവിലെ പുറപ്പെട്ടിട്ടുണ്ടെന്നു അറിയിച്ചു.ബോട്ട് എത്തിയപ്പോഴേക്കും വൈകുന്നേരം 4മണി ആയി.അതിനു ശേഷം ഏതാണ്ട് ആറര വരെ നേവി ഉദ്യോഗസ്ഥർ മോട്ടോർ ഘടിപ്പിച്ച ഡിങ്കികളിൽ പല സ്ഥലങ്ങളിലും ആഹാരം എത്തിക്കുകയും ചെയ്തു.എന്നാൽ രാവിലെ മുതൽ തന്നെ കിട്ടാവുന്ന ബോട്ടുകളിൽ നാട്ടുകാർ ആളുകളെ രക്ഷപെടുത്താൻ ആരംഭിച്ചിരുന്നു.ഞങ്ങൾ ക്യാമ്പുകൾക്കാവശ്യമായ ഗ്യാസ് കുറ്റികൾ, ആഹാര സാധങ്ങൾ തുടങ്ങിയവ ഇതിനിടെ സംഘടിപ്പിച്ചു.

തൃശ്ശൂരിൽ നിന്നോ അങ്കമാലിയിൽ നിന്നോ സാധനങ്ങൾ എത്തിക്കാൻ സാധിക്കില്ലയെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. കാരണം ആലുവ പാലം കടന്നു എറണാകുളത്തുനിന്നും ചാലക്കുടി പാലം കടന്നു തൃശ്ശൂരിൽ നിന്നും സാധനങ്ങളുമായി ഒരു വാഹനതിനും എത്താൻ സാധിക്കില്ലാത്ത എന്ന അവസ്ഥ ഞങ്ങൾ അപ്പോഴാണ് അറിയുന്നത്.ഹെലികോപ്റ്ററിൽ ആഹാരം എത്തിക്കണം എന്നു സ്റ്റേറ്റ് കൺട്രോൾ റൂമിൽ ആവശ്യപ്പെട്ടു.അവസാനം ഇനി രാത്രിയിൽ ഹെലികോപ്ടറിന് പറക്കാൻ സാധിക്കില്ല എന്നു അറിയിച്ചു. അപ്പോൾ ഏതാണ്ട് രാത്രി 8 മണി ആയി കഴിഞ്ഞിരുന്നു. രാത്രി പത്തു മണിക്കാണ് ഞങ്ങൾക്കു തമസിക്കാനായി തഹസിൽദാർ പറഞ്ഞു വച്ചിരുന്ന ഹോട്ടലിൽ വെള്ളം കേറി എന്നറിയുന്നത്. പരിസരത്തെ എല്ലാ ഹോട്ടലിലും മറ്റു പല സ്ഥാപനങ്ങളിലും ബസിലും കാറിലും ലോറിയിലും എത്തി അവിടെ കുടുങ്ങിയ ആൾക്കാർ മുറിയെടുത്തിരുന്നു. ഈ സമയതാണു CPM നേതാവ് അഡ്വ.സുമേഷ് ഞങ്ങളുടെ രക്ഷക്കെത്തിയത്.അദ്ദേഹം ഒരു ക്ലബ്ബിൽ രാത്രി കിടക്കാൻ എല്ലാവർക്കും സൗകര്യം ഒരുക്കി തന്നു.

സ്റ്റേറ്റ് കൺട്രോൾ റൂമിൽ നിന്നും രാത്രിയിൽ NDRF ടീം എത്തുമെന്നറിയിച്ചു.അവർക്കും നേവി ഉദ്യോഗസ്ഥർക്കും ഒരു മുറി പോലും ഇല്ലാത്ത സ്ഥലത്തു സ്ഥലം ഒരുക്കുക എന്നതു വലിയ ബുദ്ധിമുട്ടായിരുന്നു. രാവിലെ ഞങ്ങൾ ഉൾപ്പെടെ ഏതാണ്ട് 150 പേർക്ക് പമ്പിനോട് ചേർന്നുള്ള ഹോട്ടലിൽ (ശരവണ ഭവൻ എന്നാണ് ഓർമ്മ) അവിടെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് രാവിലെ 7 മണിക്ക് തന്നെ ആഹാരം ഉണ്ടാക്കി നല്കാൻ ഹോട്ടൽ ഉടമയും മറ്റും കാണിച്ച താല്പര്യം മറക്കാനാവില്ല. രാവിലെ ഹെലികോപ്റ്റർ ഇറങ്ങാൻ സ്ഥല സൗകര്യം ഒരുക്കണമെന്നും ഹെലികോപ്റ്ററിൽ വിതരണം ചെയ്യാൻ ആഹാര സാധനങ്ങളും മറ്റും ഒരുക്കാനും സ്റ്റേറ്റ് കൺട്രോൾ റൂമിൽ നിന്നും വിവരം ലഭിച്ചതായി കളക്ടർ അറിയിച്ചു. അങ്ങനെയാണ് ഹെലികോപ്റ്റർ ഇറങ്ങാൻ സ്ഥലം അനുയോഗ്യമാണ്‌ എന്ന് കണ്ടു അഡല്ക്സ് കോൺവെഷൻ സെന്ററിൽ എത്തുന്നത്.

തഹസിൽദാർ തുടങ്ങി ഒട്ടു മിക്ക ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങൾ ഒന്നുകിൽ വെള്ളത്തിൽ മുങ്ങി പോയിരുന്നു അല്ലെങ്കിൽ തൃശ്ശൂരിൽ നിന്നും എത്താൻ സാധിക്കാത്ത ഒരു സാഹചര്യത്തിലാണ് സർക്കാർ കാറിൽ ഞങ്ങൾ അഡല്ക്സിൽ എത്തിയത്. എന്റെ വാഹനം കണ്ടു ജനപ്രതിനിധികളും മറ്റു നാട്ടുകാരും അഡ്‌ലക്‌സിലേക്കു കൂട്ടമായി എത്തി.അഡ്വ. സുമേഷും മറ്റും പിന്നീട് എത്തി ചേർന്നു.അഡല്ക്സ് ഭാരവാഹികൾ എല്ലാ സഹായവുമായി മുന്നോട്ടു വന്നു. ഹെലികോപ്റ്റർ ഇറങ്ങാനും NDRF ടീമിന് താമസം ഒരുക്കാനും അവരുടെ അടുക്കളയിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഉപയോഗിച്ച് ആഹാരം നൽകാനും തുടങ്ങി അവർ ആ സഹചര്യത്തിൽ ചെയ്ത സഹായങ്ങൾ വളരെ വലുതാണ്.

ഹെലികോപ്റ്റർ വരുന്നതിനു മുൻപേ ആഹാരസാധനങ്ങൾ കരുതി വെക്കേണ്ടതുണ്ട്. പഞ്ചായത്ത് പ്രസിഡന്റും വില്ലജ് ഓഫീസറും തങ്ങൾക്കു കഴിയുന്ന ഇടങ്ങളിൽ നിന്നും ആഹാര സാധനങ്ങൾ അഡ്‌ലക്‌സിലേക്കു കൊണ്ടുവരാൻ ഏർപ്പാട് ചെയ്തു . ആഹാര സാധനങ്ങൾ ദൂരെ മറ്റു സ്ഥലങ്ങളിൽ നിന്നും എത്താൻ സാധ്യത ഇല്ല എന്ന് മനസ്സിലാക്കിയ ഒരു പത്ര പ്രവർത്തകൻ (മാതൃഭൂമിയുടെ ലേഖകനാണ് എന്ന് തോന്നുന്നു),താങ്കൾ ഒരു അഭ്യർത്ഥന നടത്തിയാൽ ഞാൻ അത് റെക്കോർഡ് ചെയ്തു ഫേസ്ബുക്കിലും മറ്റു നവ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാം എന്ന ആശയവുമായി മുന്നോട്ടു വന്നു.അങ്ങനെ നടത്തിയ വീഡിയോ കണ്ടിട്ടാണോ എന്നറിയില്ല ദൈവദൂതനെ പോലൊരൊൾ ഞങ്ങളെ സമീപിച്ചു.”എന്റെ പേര് ബിജു , നവ്യ ബേക്കറി എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്.അവിടെയുള്ള ആഹാര സാധനങ്ങൾ എല്ലാം ഞാൻ ഇന്നലെ മുതൽ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.ഇനിയുള്ളതും കൊണ്ടുവരാം. ഗോതമ്പും മൈദയും തീരാറായി.എന്റെ ഫാക്ടറിയിൽ ഇവ എത്തിച്ചുതന്നാൽ ഞാൻ ആവശ്യത്തിന് ആഹാരം ഉണ്ടാക്കി ഇവിടെ എത്തിക്കാം”.ഈ വാക്കുകൾ നൽകിയ ആശ്വാസം വലുതാണ്. അതിനു ശേഷം അദ്ദേഹത്തിന്റെ വിതരണ വണ്ടികളിൽ ആഹാരം എത്താൻ തുടങ്ങി. പരിചയക്കാരില്ലാത്ത ഒരു സ്ഥലത്തു സർക്കാർ സംവിധാനങ്ങൾ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ബിജുവിനെ പോലുള്ളവരുടെ നല്ല മനസ്സുകൊണ്ട് മാത്രം വെള്ളത്തിൽ കുടുങ്ങി കിടക്കുന്ന ആയിരകണക്കിന് ആൾക്കാർക്ക് ആഹാരം എത്തിക്കാൻ സാധിച്ചു എന്നത് ഈ നാടിന്റെ പുണ്യമാണ്.

ഞങ്ങൾ ലഭ്യമായ എല്ലാ വണ്ടികളും ഉപയോഗിച്ച് നേവിയുടെയും NDRF ഇന്റെയും വള്ളങ്ങളിൽ എത്താവുന്ന എല്ലാ സ്ഥലങ്ങളിലും ആഹാരം എത്തിക്കാൻ തുടങ്ങി. വളരെ അധികം ആൾക്കാർ എവിടെ നിന്നോ ആഹാരം കൊണ്ട് വരാൻ തുടങ്ങി.വന്ന ചെറുപ്പകരോട് കുപ്പി വെള്ളം സഹിതം ആഹാര സാധനങ്ങൾ ഓരോ ചാക്കിലായി കെട്ടാൻ അവശ്യ പെടേണ്ട താമസം അവർ കൂട്ടമായി ചിട്ടയായി ഏൽപ്പിച്ച ജോലി ചെയ്യാൻ തുടങ്ങി . നന്മയുള്ള മനുഷ്യരെ നേരിൽ കാണാൻ വീണ്ടും അവസരങ്ങൾ വന്നു കൊണ്ടേയിരുന്നു.

ഇത്ര അധികം ആൾക്കാർക്ക് അഡല്ക്സിൽ എത്തിച്ചിട്ടുള്ള ആഹാര സാധനങ്ങൾ പോരാ എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.നവ്യ ബിജുവിന്റെ ഫാക്ടറിയിലേക്കു ആവശ്യമായ സാധനങ്ങൾ എത്തിക്കേണ്ടതുണ്ടായിരുന്നു. ഇതിനിടയിൽ എല്ലാ പമ്പിലും ഡീസൽ വിൽക്കരുത് എന്നൊരു നിർദ്ദേശം റവന്യു – സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ മുഖാന്തിരം നൽകി. ജനറേറ്ററിൽ ഡീസൽ ഇല്ലാത്തതുകാരണം സെൽ ഫോൺ ടവർ പ്രവർത്തിക്കുന്നില്ലായിരുന്നു.ഓരോ കമ്പനി ഉദ്യോഗസ്ഥരോടും കളക്ടർ മുഖാന്തിരം ഡീസൽ ലഭ്യമാണ് എന്ന് വിളിച്ചു പറഞ്ഞു. BSNL ഇന്റെയും ചില കമ്പനികളുടെയും ടെക്‌നീഷ്യന്മാർ ഏതോ വള്ളത്തിൽ ജീവൻ പണയം വെച്ച് കയറി എത്തി. ഡീസൽ ഒഴിച്ച് കമ്മ്യൂണിക്കേഷൻ പുനഃസ്ഥാപിച്ചു. അത് ജനങ്ങൾക്കും റെസ്ക്യൂ ടീമിനും വലിയൊരു ആശ്വാസമായിരുന്നു. whatsapp ഗ്രൂപ്പുകൾ പ്രവർത്തിക്കാൻ തുടങ്ങിയത് റെസ്ക്യൂ ഓപ്പറേഷൻ നടത്താൻ വളരെ അധികം സഹായിച്ചു. തൃശൂർ DSO ഈ കാര്യങ്ങളിൽ എല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിച്ചു.

കോട്ടയം-തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ വകുപ്പിലെ ഒരു കൂട്ടം ഡോക്ടർമാർ എത്തി ചേർന്നു.കോട്ടയത്ത് നിന്ന് വന്നവർ അതി സാഹസികമായി കാലടി കടന്നാണ് വന്നത്.അവർ പല ദിക്കുകളിലേക്കും പോയി. ചിലരുടെ സഹായത്താൽ തൊട്ടടുത്ത ക്ലിനിക്കിൽ ഒരു എമർജൻസി റെസ്പോൺസ് സെന്റർ ആരംഭിച്ചു. ഡ്രഗ്സ് കോൺട്രോളുടെ സഹായത്താൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നും എത്തിച്ചു.

ഇതിനിടെ, റേഷൻ കടകളിൽ നിന്നോ ഗോഡൗണിൽ നിന്നോ ഗോതമ്പും മറ്റും എടുക്കാൻ സാധിക്കില്ല എന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാരണം അവയിൽ പലതും വെള്ളത്തിൽ മുങ്ങി പോയിരുന്നു.ഇനി എന്തെന്ന് ആലോചിച്ചു. അങ്കമാലി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസിനെ വിളിച്ചു. ചില കടകളിൽ നിന്നും അവശ്യ സാധനങ്ങൾ എടുക്കേണ്ടതുണ്ട്‌. പോലീസ് സഹായം വേണം. റോഡിൽ കിടന്ന എവിടെ നിന്നോ വന്ന 3 കാലി ലോറി പിടിച്ചെടുത്തു അങ്കമാലി ഭാഗത്തേക്ക് തിരിച്ചു. CI യുടെ സഹായത്താൽ എലൈറ്റ് സൂപ്പർ മാർക്കറ്റിൽ നിന്നും ഒന്ന് രണ്ട് ലോഡ് സാധങ്ങൾ -പ്രധാനമായും ഗോതമ്പും മൈദയും ബിജുവിന്റെ ഫാക്ടറിയിൽ എത്തിച്ചു. കട തുറന്നാൽ നാട്ടുകാർ കടയിൽ നിന്ന് സാധനങ്ങൾ എടുത്തു കൊണ്ട് പോകുമോ എന്ന സംശയത്തിൽ ആദ്യം സഹകരിക്കാതിരിക്കുന്നെങ്കിലും കടയുടെ മാനേജർ പിന്നീട് ലോറി പിൻ ഭാഗത്തു കൊണ്ട് വന്നാൽ സാധനം നൽകാം എന്ന് പറഞ്ഞു. അഡല്ക്സിലേക്കു ബില്ല് കൊണ്ട് വന്നാൽ ഒപ്പിട്ടു നൽകാം എന്ന് പറഞ്ഞെങ്കിലും അവർ കൊണ്ട് വന്നില്ല. നമ്പർ കൊടുത്തിരുനെങ്കിലും പിന്നീട് അവർ വിളിച്ചും ഇല്ല

എല്ലാ കടകളും അങ്കമാലിയിലാണ് ഉള്ളത് . അങ്ങോട്ട് പോകാൻ നിവർത്തിയില്ല. റോഡ് മുഴുവനും വെള്ളത്തിൽ മുങ്ങി കിടക്കുന്നു. ഒരു Tauraus ലോറിയിൽ ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും വെള്ളത്തിലൂടെ കടത്തുന്നുണ്ട്. അവിടെയും റിയാസ് ഇടപെട്ടു. Tauraus ലോറിയിൽ കയറി അക്കരെ എത്തി. വിവിധ കടകളിൽ നിന്നും ( ചെറിയ ഭീഷണി ഉപയോഗിക്കേണ്ടി വന്നതിൽ ക്ഷമിക്കുക – ഡിസാസ്റ്റർ ആക്ട് പ്രകാരം സ്വകാര്യ വ്യക്തികളുടെ ഉൾപ്പെടെ ഏതു സാധനവും അനുവാദം ഇല്ലാതെ പൊതു നന്മക്കായി ഉപയോഗിക്കാൻ കളക്ടർക്കു അധികാരം ഉണ്ട് . എനിക്ക് അത്തരത്തിലുള്ള അധികാരം ഇല്ലാത്തതു കൊണ്ട് കടക്കാർ കേസിനു പോയാൽ കുടുങ്ങും എന്ന് ഇതിനിടെ ചിലർ വന്നു ഉപദേശിച്ചു. മറ്റു വഴികൾ ഇല്ലായിരുന്നു) ഏകദേശം 50 ലക്ഷം രൂപയിലധികം രൂപയുടെ സാധനങ്ങൾ – ബിസ്ക്കറ്റും ബ്രെഡും തീപ്പട്ടിയും മെഴുകുതിരിയും സാനിറ്ററി നാപ്കിനും തുടങ്ങി വിവിധ സാധങ്ങൾ വരെ – ലോറികളിൽ കയറ്റി . ബില്ലുകൾ ഒപ്പിട്ടു കൊടുത്തു. കളക്ടർ അനുപമയോട് ഈ വിവരങ്ങൾ എല്ലാം പറഞ്ഞു. എന്റെ ഒപ്പോടുകൂടി വരുന്ന ബില്ലുകൾ വന്നാൽ അത് ഡിസാസ്റ്റർ മാനേജ്‌മന്റ് ഫണ്ടിൽ നിന്നും കൊടുക്കണം എന്ന് അഭ്യർത്ഥിച്ചു. അവർ അത് ഏൽക്കുകയും ചെയ്തു. എന്നാൽ പിന്നീട് അനുപമ യോട് ഈ കാര്യം ആരാഞ്ഞപ്പോൾ അവർ പറഞ്ഞത് എന്നെ ഞെട്ടിച്ചു. കേവലം മൂന്നോ നാലോ ലക്ഷം രൂപയുടെ ബില്ലുകൾ മാത്രമാണ് ജില്ലാ കളക്ടരുടെ അടുക്കൽ എത്തിയത്. ഞാൻ ഒപ്പിട്ടു കൊടുത്ത കൂടുതൽ ബില്ലുകൾ കളക്ടറുടെ മുന്നിൽ പേയ്‌മെന്റിനായി സമർപ്പിച്ചില്ല. ഏതാണ്ട് അരക്കോടി രൂപയുടെ സാധനങ്ങൾ ആണ് അങ്കമാലിയിലെ ഏതാനും ചില കച്ചവടക്കാർ സൗജന്യമായി നൽകിയതു. ഇതിൽ കൂടുതൽ തുക ദുരിതം അനുഭവിക്കുന്നവർക്കായി നൽകിയവർ ഈ നാട്ടിൽ ഉണ്ടാകും. എന്നാലും തുക നൽകാമെന്ന് സർക്കാരിന് വേണ്ടി വാഗ്ദാനം നൽകിയിട്ടും അത് വേണ്ട എന്ന് വെക്കാൻ സൗമനസ്യം കാണിച്ച അങ്കമാലി – ചാലക്കുടിക്കാരെ ക്കുറിച്ചു ഞാൻ നന്ദി പൂർവം ഈ ഒന്നാം വാർഷികത്തിൽ സ്മരിച്ചില്ലെങ്കിൽ അത് അനൗചിത്യം ആകും. ഈ കുറിപ്പ് എഴുതാൻ കാരണം ഇതാണ്.

ഹെലികോപ്റ്റർ എപ്പോൾ എത്തും എന്നു നിശ്ചയമില്ലാതിരുന്ന സമയത്തു കൊച്ചിൻ നേവൽ ബേസിൽ ഈ അടുത്തകാലം വരെ ജോലി നോക്കിയിരുന്ന Lt .Cmdr . കൃഷ്ണകുമാർ വെള്ളപ്പൊക്കത്തിൽ കുടുങ്ങി ചാലക്കുടിയിൽ വന്നതു ഞങ്ങൾക്കെല്ലാം ആശ്വാസമായി. നേവിയുമായുള്ള ലൈസൻ ഇദ്ദേഹം ഏറ്റെടുത്തു . വൈകുന്നേരത്തോടു കൂടി ആദ്യ ഹേലി കോപ്റ്റർ അഡല്ക്സ് കൺവെൻഷൻ സെന്ററിൽ ഇറങ്ങി . സാധനങ്ങൾ കയറ്റി പല സ്ഥലങ്ങളിലേക്കും air drop ചെയ്യാൻ തുടങ്ങി. മണി മാളികകളിൽ നിന്നും ആഹാരത്തിനു വേണ്ടി കൈവീശുന്നവരെയും , തങ്ങളെ കൊണ്ടുപോകാത്തതിൽ നിരാശ പ്പെടുന്നവരെയും കണ്ടു. പ്രളയത്തിന്റെ രൂക്ഷത ശരിക്കും കാണാനായി. രണ്ടു ദിവസമായി മാറാൻ വസ്ത്രങ്ങൾ ഇല്ലാതെ പ്രവർത്തിച്ചത് കാരണം ആകെ ഒരു അസ്വസ്ഥത . അവിടെ നിന്നും പോകേണ്ടത് ആവശ്യമായി വന്നു. തൃശ്ശൂരിൽ എത്തി തിരികെ രാത്രിയിലോ പിറ്റേന്നോ എത്താം എന്ന് കരുതി അവസാനത്തെ ഹെലികോപ്റ്റർ ട്രിപ്പിനോടൊപ്പം കയറി. എന്നാൽ സന്ധ്യ ആകുന്നതുകൊണ്ടും ഹെലികോപ്റ്ററിൽ ഇന്ധന നില കുറവായിരുന്നതിനാലും തൃശൂരിന് പകരം കൊച്ചി നേവൽ ബേസിലേക്കാണ് എന്നെ കൊണ്ട് പോയത്. പിറ്റേന്ന് വേറൊരു ഹെലികോപ്റ്ററിൽ തൃശ്ശൂർക്ക് പോയി. പ്രധാനമന്ത്രിയുടെ സന്ദർശനം ഉണ്ടായിരുന്നതിനാൽ നേവൽ ബേസിൽ കുറെ നേരം കാത്തിരിക്കേണ്ടി വന്നത് കൊണ്ട് പ്രയോജനം ഉണ്ടായതു നേവി പൈലറ്റുമാർക്കാണ്.IBIS ഹോട്ടലിൽ താമസിക്കുന്ന അവരുടെ ബില്ല് ആര് നൽകും എന്ന് തർക്കമുണ്ടായതിനാൽ പുതുതായി വന്നവർക്കു ഹോട്ടലിൽ മുറി കൊടുക്കാൻ അവർ മടിച്ചു. ഗവണ്മെന്റ് നൽകും എന്ന് ഞാൻ എന്റെ ഒഫീഷ്യൽ ഈമെയിലിൽ നിന്നും സന്ദേശം അയച്ചു. പിന്നീട് എറണാകുളം കളക്ടർ ആ ബില്ലുകൾ കൊടുക്കാൻ ഏർപ്പാട് ഉണ്ടാക്കി.

ഏതായാലും ഞാൻ തൃശ്ശൂരിൽ എത്തുമ്പോഴേക്കും ചാലക്കുടി പാലത്തിൽ നിന്നും വെള്ളം ഇറങ്ങി. എന്റെ വാഹനവും സഹപ്രവർത്തകരും തൃശ്ശൂരിൽ എത്തി. അന്ന് അതായതു പതിനെട്ടാം തീയതി ഏതാണ്ട് 5 ഹെലികോപ്റ്റർ ആണ് സാധനങ്ങൾ Air drop ചെയ്തത്. സാധനങ്ങൾ പൊതു ജനങ്ങളിൽ നിന്നും അണമുറിയാത്ത അഡ്‌ലക്‌സിലേക്ക് ഒഴുകി കൊണ്ടിരുന്നു.

പതിനെട്ടാം തീയതി രാത്രിയിൽ തിരുവന്തപുരത്തേക്കു മടങ്ങി പോകാം എന്ന് കരുതിയിരുന്ന ഞങ്ങളെ എന്റെ മുൻ മന്ത്രി കൂടിയായ ശ്രീ.സുനിൽകുമാർ പിടികൂടി. ഒരു പ്രധാന ദൗത്യം കൂടിയുണ്ട് . അത് കഴിഞ്ഞു പോകാം . വീണ്ടും രണ്ടു ദിവസങ്ങൾ കൂടി തൃശ്ശൂരിൽ. അവിടെ കണ്ടത് കരളുറപ്പുള്ള ചില തൊഴിലാളികളെയും ദുരന്തന്തിൽ എന്തിനും തയാറായി ജോലി ചെയ്യുന്ന പോലീസ് ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥരെയുമാണ്. അത് അടുത്ത ബ്ലോഗിൽ ……

ഇല്ലിക്കൽ ഡാമിന്റെ അടുത്തുണ്ടായ സംഭവങ്ങൾ