കാരുണ്യമുള്ളവരുടെ നാട്ടിൽ ജനിച്ചത് ഭാഗ്യം

General

ഇത്രയും കാരുണ്യമുള്ള ആൾക്കാരുടെ നാട്ടിൽ ജനിച്ചത് തന്നെ ഭാഗ്യം. ഒരു തെരുവ് പട്ടിയെ ഇടിച്ചു തെറിപ്പിച്ച ബസിന്റെ ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു പട്ടിയുടെ ചികിത്സാ ചെലവിന് 1000 രൂപ ഡ്രൈവറെ കൊണ്ട് ചെലവഴിച്ചു ചികിൽസിച്ചിട്ടും പട്ടി രക്ഷപ്പെടില്ല എന്ന് കണ്ടിട്ട് ദയാവധം വിധിച്ചു ഡോക്ടർ . ഇതിനായി എന്റെ സുഹൃത്തായ കൗൺസിലറുടെ നേതൃത്വത്തിൽ ജനം ഇളകി. പട്ടിയുടെ അവകാശം സംരക്ഷിച്ചു. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കിടത്താൻ സ്ഥലം കിട്ടാത്തത് കൊണ്ടാണ് ഈ ദാരുണമായ ദയാവധം ചെയ്യേണ്ടി വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. മൃഗ സംരക്ഷണ സെക്രട്ടറി ആക്കിയാൽ തീർച്ചയായും എല്ലാ മൃഗാശുപത്രിയിലും ICU , വെന്റിലേറ്റർ , മൊബൈൽ മോർച്ചറി തുടങ്ങിയ സൗകര്യങ്ങൾ പട്ടികൾക്ക് വേണ്ടി ഏർപ്പെടുത്താൻ ഞാൻ ശ്രമിക്കും.
ദിനം തോറും തെരുവ് പട്ടികളുടെ ആക്രമണത്തിൽ കുട്ടികളുടെ മുഖം കടിച്ചു കീറപ്പെടുകയാണ്. അത് നമുക്കൊരു പ്രശ്നമല്ല. കുട്ടിയുടെ മാതാപിതാക്കൾ വഹിച്ചോണം ചെലവ്. തമ്പാനൂരിൽ ഏതാനും വര്ഷം മുൻപ് ഒരു യാത്രക്കാരൻ വണ്ടിയിടിച്ചു നടുറോഡിൽ കിടന്നപ്പോൾ നമ്മൾ മൊബൈലിൽ ഫോട്ടോ എടുത്തു സഹതാപം പ്രകടിപ്പിച്ചു കാരുണ്യവാന്മാരായി. കേരളത്തിലെ റോഡുകളിൽ 3500 അധികം മരണങ്ങൾ നടക്കുന്നു പ്രതിവർഷം. ആ കുടുംബങ്ങളുടെ അവസ്ഥ നമുക്ക് പ്രശ്നമല്ല. പട്ടിയെ ബസ് ഇടിച്ചാൽ ചികിത്സാ ചെലവ് ഇടിച്ചവൻ കൊടുക്കണം എന്ന ഒരു പാരാ കൂടി Prevention of Cruelty to Animals Act ൽ ചേർക്കേണ്ടതുണ്ട് . അതിനോടൊപ്പം പട്ടിയോടു ഇത്രയും സഹാനുഭൂതിയുള്ളവർ ഒരു 10 തെരുവ് പട്ടിയെ വീതം വീട്ടിൽ കൊണ്ട് പോയി വളർത്തിയാൽ പട്ടിയും രക്ഷപെടും കുട്ടിയും രക്ഷപെടും.