തിരിഞ്ഞു നോക്കുമ്പോൾ

Welcome

പ്രിയപെട്ടവരെ,

35 വർഷത്തെ സ്വകാര്യ – കേന്ദ്ര സർക്കാർ – സംസ്ഥാന സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്നു നാളെ (ഏപ്രിൽ 30-ന്) പടിയിറങ്ങുന്നു.  ഈ കാലയളവിൽ കയറ്റവും ഇറക്കവും കീർത്തിയും അപകീർത്തിയും ഒക്കെ കാണേണ്ടതായി വന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി തോന്നുന്നു.  സ്വന്തമായി ഒരു മേൽവിലാസം ഉണ്ടായതു സർക്കാർ  സർവീസിൽ വന്നത്  മൂലമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ടുള്ള നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാണ് എനിക്ക് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാകുന്നത് വരെ ഉണ്ടായിട്ടുള്ളത്. SSLC യ്ക്ക് 600 മാർക്കിൽ 490 മാർക്ക് വാങ്ങി ജയിച്ചപ്പോഴും, പ്രീ-ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് വാങ്ങി, പിന്നീട്  എൻട്രൻസ് പരീക്ഷ എഴുതി എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നപ്പോഴും, പഠനം കഴിഞ്ഞു  കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മൂന്നാം റാങ്ക് വാങ്ങി ജോലിക്കു ചേർന്നപ്പോഴും എല്ലാം എഴുതിയ പരീക്ഷകളിലെ നേട്ടങ്ങൾ പരിഗണിക്കാതെ അച്ഛന്റെ കെയർ ഓഫിൽ കിട്ടിയ നേട്ടങ്ങളാണ് അതൊക്കെ എന്ന് പറഞ്ഞവർ കുറേയുണ്ട്. പിന്നീട് സിപിഎംകാരനായ ശ്രി. ഗംഗാധരകുറുപ്പ് ചെയർമാൻ ആയ PSC യുടെ അത്യുന്നത പരീക്ഷ ആയ സ്റ്റേറ്റ് സിവിൽ സർവീസ് (എക്സിക്യൂട്ടീവ്) – ഡെപ്യൂട്ടി കളക്ടർ പരീക്ഷയിൽ പ്രീലിമിനറിയും മെയിൻസും ഇന്റർവ്യൂവും കഴിഞ്ഞു സംസ്ഥാനത്തു മൂന്നാം റാങ്ക് വാങ്ങിയപ്പോൾ അച്ഛൻ ജീവിച്ചിരിപ്പില്ലാതിരുന്നതിനാൽ അദ്ദേഹം പറഞ്ഞിട്ടാണ് മൂന്നാം റാങ്ക് കിട്ടിയത് എന്ന് ആരും പറയുന്നത് കേട്ടില്ല.

എഞ്ചിനീയറിംഗ് പരീക്ഷാ ഫലം വരുന്നതിനു മുൻപു തന്നെ നല്ല മാർക്ക് കിട്ടുമെന്ന് പ്രതീക്ഷ ഉള്ളതിനാലും  ആരുടേയും ശുപാർശ ഇല്ലാതെ ജോലിക്കു കയറണം എന്ന ആഗ്രഹം ഉള്ളതിനാലും  കേരളത്തിലെ ചില സ്വകാര്യ കെമിക്കൽ കമ്പനികളിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഒരു കമ്പനിയിൽ നിന്ന് മാത്രമെ ഇന്റർവ്യൂ കോൾ വന്നുള്ളൂ. ഇന്റർവ്യൂവിന് പോയപ്പോഴാണ് എന്ത് കൊണ്ട് മറ്റാരും ജോലിക്ക് വിളിക്കാതിരുന്നതിന്റെ കാരണം മനസ്സിലായത്. ഇന്റർവ്യൂ ചെയ്ത ആൾ ചോദിച്ചത് “ഇത്ര ഉന്നത നേതാവിന്റെ മകന് എന്തിനാണ് ജോലി”  എന്നാണ്. പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് രാഷ്ട്രീയ നേതാവിന്റെ മകനെ ജോലിക്കെടുത്താൽ തലവേദന ആകും എന്ന് അവർക്ക് തോന്നിയത് കൊണ്ടാണ് ജോലിക്ക് എടുക്കാതിരുന്നത് എന്നാണ്. എഞ്ചിനീയറിംഗ് പരീക്ഷ റിസൾട്ട് വന്നപ്പോൾ തലയിൽ കൈ വെച്ചു പോയി. മൊത്തം 64.7% മാർക്ക്. അതായത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിൻ റിഫൈനറീസ്, FACT, IOC, ബിപിസിഎൽ തുടങ്ങി നല്ല ജോലിയും ശമ്പളവും ലഭിക്കുന്ന ഒരു സ്ഥാപനത്തിലും എനിക്ക് ജോലിക്ക് അപേക്ഷിക്കാനാവില്ല. അവിടെയൊക്കെ കട്ട് ഓഫ് മാർക്ക് 65% ആണ്. എനിക്ക് കേവലം 0.3 % കുറവ്. എഞ്ചിനീയറിംഗിന്റെ ഏതാണ്ട് എല്ലാ പരീക്ഷകളിലും എഴുപത് ശതമാനത്തിൽ അധികം മാർക്ക് ലഭിച്ച സെമസ്റ്റർ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് തിരിച്ചും മറിച്ചും കൂട്ടിനോക്കിയപ്പോൾ 72 ശതമാനത്തിലധികം ഉണ്ട്. കോളേജിൽ പോയി അന്വേഷിച്ചപ്പോൾ ആണ് Carry Over system എന്ന സമ്പ്രദായത്തെ കുറിച്ച് അറിയുന്നത്. രാഷ്ട്രീയവും ബിസിനസ്സും കോളേജ് പഠനവുമായി കൂട്ടി കുഴച്ചപ്പോൾ മിക്ക പേപ്പറും ക്രിട്ടിക്കൽ ചാൻസിൽ ആണ് എഴുതിയത്. അതിൽ നല്ല മാർക്കു കിട്ടിയെങ്കിലും മേൽ സമ്പ്രദായം അനുസരിച്ച് യൂണിവേഴ്സിറ്റി അന്തിമ മാർക്ക് ലിസ്റ്റിൽ  50 ശതമാനം മാർക്കിൽ കൂടുതൽ തന്നില്ല. (പിന്നീട് ഈ സിസ്റ്റം നിർത്തലാക്കി). ഇതിനോട് അനുബന്ധമായി പറയേണ്ട ഒരു കാര്യമുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ബിസിനസ് ഒക്കെ ചെയ്ത് പണം ഉണ്ടാക്കി അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടെയാണ് ബൈക്ക് ആക്സിഡെന്റിൽ കാലൊടിഞ്ഞു 8 മാസം കിടക്കയിലാകുന്നത്. ആ കിടപ്പിലാണ് ഇന്നത്തെ പ്രശസ്ത സിനിമാക്കാരായ ഷാജി കൈലാസും വിനു കിരിയത്തും ഒക്കെ ചേർന്ന് ഒരു സിനിമ പിടിക്കാനായി പോകുന്നതും “ ചങ്ങാതി ഫിലിംസ്” എന്ന കമ്പനി തുടങ്ങി  ഞങ്ങൾ “ ശത്രുക്കൾ’ ആയി അടിച്ചു പിരിയുന്നതും. കോളേജിൽ പഠിക്കുപ്പോൾ ഉണ്ടാക്കിയ മറ്റൊരു പൊട്ടിയ കമ്പനി ആണ് “Travancore Colloids  & Clays Ltd”. (സ്വന്തമായി തുടങ്ങിയ ബിസിന്സ് എല്ലാം പൊട്ടി പോയതുകൊണ്ട് പിന്നീട് നാളിതുവരെ മറ്റുള്ളവർക്ക് വേണ്ടി ബിസിനസ്സ് കൺസൾട്ടൻസി കൊടുക്കാൻ സാധിച്ചു. ഉപദേശം കേട്ട് പലരും നല്ല നിലയിൽ എത്തുകയും ചെയ്തു.) 

മാർക്ക് കുറഞ്ഞതിനാൽ ഇനി കേരളത്തിൽ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് ബോംബെയിലേക്ക് വണ്ടി കേറി. ജോലി ചെയ്യുന്നതിനൊപ്പം സിവിൽ സർവീസ് പരീക്ഷക്ക് പഠിച്ചു IAS നേടാം എന്നായിരുന്നു മനസ്സിൽ. ഏതാണ്ട് രണ്ടു രണ്ടര  മാസക്കാലം ഒരു ജോലിയും ലഭിച്ചില്ല. ജോലിയുടെ വില എന്താണെന്ന് അന്നു മനസ്സിലായി. സിദ്ധി വിനായക അമ്പലത്തിൽ ചെന്ന് എല്ലാ ആഴ്ചയിലും ഗണപതിയോട് പ്രാർഥിച്ചു – ദൈവത്തിനു ഉറപ്പു കൊടുത്തു — എനിക്കൊരു ജോലി ലഭിച്ചാൽ ഞാൻ കഷ്ടപ്പെട്ട് ആത്മാർത്ഥതയോടെ ജോലി ചെയ്തോളാം എന്ന്. ദൈവത്തിന് കൊടുത്ത വാക്ക് ആദ്യത്തെ ജോലി മുതൽ ഇന്ന് വരെ ഈ മുപ്പത്തി അഞ്ചു വർഷക്കാലവും തുടർന്നു.  IT@സ്കൂൾ പോലുള്ള പദ്ധതികൾ തുടങ്ങിയപ്പോൾ രാത്രി 12 മണി വരെ ഓഫീസിൽ ഇരുന്നു ജോലി ചെയ്തിരുന്നു. മക്കൾ വലുതായപ്പോൾ വീട്ടിലെത്തി രാത്രി വരെ ജോലി ചെയ്തു. സെക്രട്ടറിയേറ്റിലായാലും വൈദ്യുതി ഭവനിൽ ആയാലും ഇന്നും ഏറ്റവും അവസാനം ഓഫീസ് വിടുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഞാൻ. കാരണം ഒരു നല്ല ജോലി ലഭിക്കുക എന്നത് ഭാഗ്യമാണ്. അതിനേക്കാൾ ഉപരി സംസ്ഥാന സിവിൽ സർവീസ് ആയാലും കേന്ദ്ര സിവിൽ സർവീസ് ആയാലും അതിൽ ഒരു ഉന്നത ജോലി കിട്ടിയത് ദൈവാനുഗ്രഹത്താൽ ആണ് എന്നു വിശ്വസിക്കുന്നതിനാൽ  ജോലിയെയും ദൈവീകമായി കാണാൻ സാധിച്ചു. കരിയർ നോക്കുമ്പോൾ ചെറുപ്പത്തിൽ രണ്ട് ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഒന്ന് എഞ്ചിനീയർ ആകണം രണ്ട് കേരളത്തിൽ ഒരു IAS ഉദ്യോഗസ്ഥനാകണം. ഇതെല്ലാം സാധിച്ചു തന്ന ദൈവത്തോട് നന്ദി പറയുന്നു.

എഞ്ചിനീയറിംഗ് കഴിഞ്ഞു 1989-ൽ ബോംബെയിൽ ഒരു വർഷത്തിലധികം വിവിധ കമ്പനികളിൽ ജോലി ചെയ്തു.  ആദ്യത്തെ  രണ്ടു രണ്ടര  മാസക്കാലം ജോലിക്കു  വേണ്ടി തെണ്ടി  നടക്കുന്നത് കണ്ടപ്പോൾ എന്റെ നാട്ടുകാരനും അച്ഛന്റെ സുഹൃത്തുമായ മോഹൻദാസ് അങ്കിൾ ( ധന്യ സൂപ്പർ മാർക്കറ്റ് ഉടമ ) വെറുതെ ഇരുന്നു ഭ്രാന്ത് പിടിക്കേണ്ട, എന്റെ സൈക്കിൾ നിർമാണ കമ്പനിയിൽ വന്നു പണി പഠിക്ക് എന്ന് പറഞ്ഞു. അദ്ദേഹമാണ് ആദ്യ ജോലി തന്നതും അടുത്ത ജോലി കിട്ടിയപ്പോൾ ആദ്യ ശമ്പളമായി 500 രൂപ തന്നതും. റിഫൈനറികളും ആഴക്കടൽ റിഗ്ഗുകളും മർച്ചന്റ് നേവിയും ആണ് അന്നും ഇന്നും നല്ല ശമ്പളം – പ്രത്യേകിച്ച് ഒരു കെമിക്കൽ എൻജിനീയർക്കു – ലഭിക്കുന്നത്. ഇവിടൊക്കെ ജോലിക്ക് കയറാനുള്ള പല ശ്രമങ്ങളും  നടക്കാതെ വന്നപ്പോൾ വിദേശത്ത് പോകാം എന്ന ചിന്ത വന്നു.  ആദ്യ ഓഫർ വന്നത് ആഫ്രിക്കൻ രാജ്യമായ സുഡാനിൽ നിന്നാണ്. പോയാൽ ജീവനോടെ തിരിച്ചു വരില്ല എന്ന് കൂട്ടുകാർ പറഞ്ഞതിനാൽ ട്രാവൽ ഏജന്റിനോട് ഗൾഫിലെ റിഫൈനറികളിൽ ജോലി  നോക്കാമോ എന്ന് അഭ്യർത്ഥിച്ചു. അപ്പോഴേക്കും വീട്ടിലെ സ്ഥിതി മാറിയിരുന്നു. കോൺഗ്രസ് പാർട്ടിക്കു ആലപ്പുഴയിൽ ലേബൽ ഉണ്ടാക്കിയ തച്ചടിക്കു 1987-ലെ തെരഞ്ഞെടുപ്പിൽ ആ പാർട്ടി   സീറ്റ് നിഷേധിച്ചു. അതോടുകൂടി അദ്ദേഹത്തിന്റെ വീഴ്ചയുടെ തുടക്കം തുടങ്ങി. എന്തായാലും 1990 ൽ ഏതാണ്ടു ഒരു വർഷത്തിനു ശേഷം IAS പരീക്ഷയിൽ വിജയിക്കാതെ കേരളത്തിൽ എത്തി. ആലപ്പുഴയിൽ ഒരു ചെറിയ കമ്പനിയിൽ ചെറിയ ശമ്പളത്തിൽ ജോലിക്ക് കയറി.   അങ്ങനെ ഇരിക്കുമ്പോൾ അകന്ന ഒരു ബന്ധു കൂടിയായ ട്രാവൽ ഏജന്റ് ബോംബെയിൽ നിന്ന് വിളിച്ചു പറഞ്ഞു – 35,000 രൂപ വിസയ്ക്കും ടിക്കറ്റിനും കരുതി വെക്കുക, മുൻപു പങ്കെടുത്ത ഇന്റർവ്യൂവിൽ കുവൈറ്റ് ഓയിൽ കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. വീണ്ടും ഐഎഎസ് എഴുതാനുള്ള മോഹം മാറ്റി വെക്കാൻ തീരുമാനിച്ചു. ജീവിക്കാൻ കാശില്ലാത്ത സാഹചര്യത്തിൽ IAS പരീക്ഷ എഴുതിയാലും കിട്ടില്ല എന്ന് ഉറപ്പായിരുന്നു. കുവൈറ്റിൽ പോകുന്നത് ദിവാസ്വപ്നം കണ്ട് കൊണ്ട് നടക്കുന്ന ഒരു ദിവസം ഇടിത്തീ പോലൊരു വാർത്ത വന്നു – കുവൈറ്റിനെ ഇറാഖ് ആക്രമിച്ചു. ആ മോഹവും അങ്ങനെ പൊലിഞ്ഞു. അപ്പോഴേക്കും  സാമപത്തികമായും കുടുംബം തകർന്നിരുന്നു. കുടുംബത്തിൽ കടം ഉച്ചസ്ഥായിയിൽ കയറിനിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു തൊണ്ണൂറുകളുടെ ആദ്യം. ആത്മഹത്യയെ കുറിച്ച് കാര്യമായി ചിന്തിച്ച ദിവസങ്ങളായിരുന്നു അതൊക്കെ. എന്തായാലും ഇതിനിടയിൽ എഴുതിയ 3 പരീക്ഷകളിൽ മൂന്നിലും വിജയിച്ചു. LIC- യിലെ അഡ്മിനിസ്ട്രേടിവ് ഓഫീസർ ജോലി ടെക്നിക്കൽ അല്ലാത്തതിനാൽ താല്പര്യമില്ലായിരുന്നു. ഒറീസയിലെ Coal ഇന്ത്യയിലോ അതോ ആസ്സാമിലെ GAIL pipeline കമ്പനിയിലോ – ഏതെങ്കിലും ദുർഘട സ്ഥലങ്ങളിൽ  ഒന്നിൽ പോകാം എന്ന് ഉറച്ച് മനസ്സിനെ പാകപ്പെടുത്തുമ്പോഴാണ് ഞാൻ പഠിച്ചു വളർന്ന തിരുവനന്തപുരത്തുള്ള  കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് കൊച്ചിൻ യൂണിവേഴ്സിറ്റി വഴി നടത്തിയ പ്രവേശന പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ മൂന്നാമതായി വരുന്നതും ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ കടമ്പകൾ കടന്നു ജോലി കിട്ടുന്നതും. അവിടുന്നാണ് ഡെപ്യൂട്ടേഷനിൽ സംസ്ഥാന സർവ്വീസിലും പിന്നീട് മൂന്നാം റാങ്ക് വാങ്ങി ഡെപ്യൂട്ടി  കളക്ടർ ആയി വരുന്നതും അതിൽ ജോലി ചെയ്യുമ്പോൾ IAS ലഭിക്കുന്നതും.

IAS ലഭിക്കാൻ കാരണം ശ്രീ. PJ തോമസ് ഐഎഎസ് എന്ന ശുദ്ധനായ മനുഷ്യനുമായുള്ള ആകസ്മികമായ കണ്ടു മുട്ടലാണ്. 2005 -ൽ കേരളത്തിലെ SSLC പരീക്ഷയിൽ ആദ്യമായി IT@SCHOOL പദ്ധതിയിലൂടെ IT പരീക്ഷ ഏർപ്പെടുത്തിയപ്പോൾ അതിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. കേസിന് വേണ്ടി ഹൈക്കോടതിയിൽ പോകുമ്പോൾ ആണ് പാമോയിൽ കേസുമായി ബന്ധപ്പെട്ട് തോമസ് സാർ എന്ന മനുഷ്യനെ കാണുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടി എന്നല്ലാതെ അദ്ദേഹത്തിന് എന്റെ പേരുപോലും മനസ്സിലായി എന്ന് തോന്നിയിട്ടില്ല. അദ്ദേഹം അന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു. ശ്രീ. ET മുഹമ്മദ് ബഷീർ ആയിരുന്നു എന്റെ മന്ത്രി. ഒരു ദിവസം തോമസ് സാറിന്റെ ഒരു ഫോൺ കോൾ വന്നു “ നിങ്ങളാണോ ഈ IT@SCHOOL – ന്റെ ഡയറക്ടർ. എന്താണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത് ഈ എഡുസാറ്റ്? താൻ വന്നു എന്നെ ഒന്ന് ‘എഡുക്കേറ്റ്’ ചെയ്യണം”. അദ്ദേഹം ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി ആയി തിരികെ വന്നതിന് ശേഷം ആയിരുന്നു അത്. ഈ വിളിയിൽ നിന്ന് തുടങ്ങിയ പരിചയം വളർന്നു.  കേരളത്തിൽ ഇന്ത്യയുടെ മഹാനായ പുത്രൻ രാഷ്ട്രപതി ശ്രീ. അബ്ദുൾ കലാം വന്നു എഡുസാറ്റ് നെറ്റുവർക്ക് ഉദ്ഘാടനം ചെയ്തപ്പോൾ തോമസ് സാർ എന്നെ ഒരു സുഹൃത്തിനെ പോലെ കാണുന്നതിൽ വരെ എത്തിച്ചു ആ അടുപ്പം. അടുത്ത വർഷം, വിക്ടർസ് ചാനൽ ഉത്‌ഘാടനം ചെയ്യാൻ തയാറെടുക്കുമ്പോൾ  വീണ്ടും ഒരു ഫോൺ കോൾ, എഡോ താൻ തന്റെ ബയോഡാറ്റ ഒന്ന് കൊണ്ടുവാ. വൈകുന്നേരം കണ്ടപ്പോൾ എന്നോട് പറഞ്ഞു തന്നെ ഞാൻ നോൺ-സ്റ്റേറ്റ് സിവിൽ സർവീസ് കോട്ടയിൽ IAS നു പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയാണ്. സംസ്ഥാന സർവീസിൽ എനിക്കുള്ള 9  കൊല്ലത്തിൽ  3 കൊല്ലത്തിൽ അധികം  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് ജോലി ചെയ്തത് എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അദ്ദേഹം നിയമം എടുത്തു കാണിച്ചു പറഞ്ഞത് “ continuous 8 year service in a gazetted post equivalent to Dy Collector”, അത് മതി യോഗ്യത ആയി എന്നാണ്. ഇതിന്റെ പ്രോസസ്സിംഗ് നടക്കുമ്പോൾ എനിക്ക് ഡെപ്യൂട്ടി കളക്ടർ ആയി അഡ്വൈസ് വരികയും റെവന്യൂ ഡിപ്പാർട്മെന്റിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 

 ഡെപ്യൂട്ടി  കളക്ടറായി ജോയിൻ ചെയ്തില്ലെങ്കിൽ സീനിയോറിറ്റി പോകുമെന്നതിനാൽ ഞാൻ IAS നോമിനേഷന്റെ പുറകെ പോയില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യവും എനിക്കെതിരായിരുന്നു. ബാബു പോൾ  എന്ന പേര് പണ്ടുമുതലേ കേട്ടിരുന്നെങ്കിലും അദ്ദേഹവുമായി  അടുപ്പം വരുന്നത് ഡെപ്യൂട്ടി കളക്ടർ പരീക്ഷയുടെ ഇൻറർവ്യൂവിന്റെ  തലേദിവസം ഉപദേശങ്ങൾക്കായി അദ്ദേഹത്തിന് കാണാൻ പോയപ്പോൾ മുതലാണ്. സാറിന്റെ പ്രിയങ്കരിയായ ഭാര്യ മരിച്ചശേഷം ഒരു സെക്യൂരിറ്റിയും സാറും  മാത്രം ആ വീട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നി. അത് മാത്രമല്ല കാരണം. അദ്ദേഹവുമായി സംസാരിക്കുമ്പോൾ സർവീസിനെപ്പറ്റിയും അതിനേക്കാളുപരി ലോകത്ത് നടക്കുന്ന പലകാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ രസകരമായ വിശകലനം കേൾക്കാനുള്ള താല്പര്യം കൂടിയായിരുന്നു ആ നിത്യ സന്ദർശനത്തിന് പിന്നിൽ. ഡെപ്യൂട്ടി കളക്ടറായി ജോയിൻ ചെയ്ത കാര്യം അദ്ദേഹത്തെ  കണ്ടു പറഞ്ഞിരുന്നു.  കുറെ നാൾ കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ ഫോണിലൂടെ വിളിപ്പിച്ചു. ചെന്ന ഉടനെ തന്നെ ഒരു ചോദ്യം — തോമസ് തന്നെ നോമിനേറ്റ് ചെയ്തിട്ടും താൻ അത് ഫോളോ അപ്പ് ചെയ്യാതെ എന്തിന് ഡെപ്യൂട്ടി  കളക്ടർ ആയിട്ട് ജോയിൻ ചെയ്തു. സാഹചര്യമൊക്കെ വിശദീകരിച്ചു. അദ്ദേഹം  ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞു – താൻ ഇപ്പോൾ ഒരു ഡെപ്യൂട്ടി കളക്ടർ ആണ്. തന്റെ ലീൻ റവന്യു വകുപ്പിൽ  സ്ഥിരപ്പെടണം എങ്കിൽ അവിടെ പ്രൊബേഷൻ  ഡിക്ലയർ ചെയ്യേണ്ടതായിട്ടുണ്ട്. ആയതിനാൽ സാങ്കേതികമായി താൻ ഇപ്പോഴും ഫാക്ടറി വകുപ്പിൽ, അതായത് നോൺ-സ്റ്റേറ്റ് സിവിൽ സർവ്വീസിൽ  lien ഉള്ള  ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് അടുത്ത പ്രാവശ്യം തന്റെ സെക്രട്ടറിയെ കൊണ്ട് വീണ്ടും നോമിനേറ്റ് ചെയ്യിപ്പിക്കണം. ഡോ. നിവേദിത.പി. ഹരനാണു   പ്രിൻസിപ്പൽ സെക്രട്ടറി. മാഡത്തിനോട് സ്വന്തം കാര്യം പറയാൻ വിഷമമുണ്ടു എന്ന് അറിഞ്ഞപ്പോൾ  അന്നത്തെ സർവ്വേ ഡയറക്ടർ ആയിരുന്ന എന്റെ ബോസ് ഡോ. രവീന്ദ്രൻ ഐഎഎസ് ആ ചുമതല ഏറ്റെടുത്തു. രവീന്ദ്രൻ സാർ അന്നത്തെ ലാൻഡ് റവന്യു കമ്മിഷണർ ആയ നീല ഗംഗാധരൻ മാഡത്തെയും  നിവേദിത  മാഡത്തെയും  കണ്ടു കാര്യം പറഞ്ഞു .  നിവേദിത മാഡം   സിആറും മറ്റുള്ള രേഖകളും കാണണം എന്ന് അവശ്യപ്പെടുകയും  ഞാൻ രേഖകൾ  കാണിക്കുകയും ചെയ്തു. വകുപ്പ് തലവൻ നൽകുന്ന  ഇന്റെഗ്രിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അടുത്ത കൊല്ലത്തെ   ഐഎഎസ്  സെലക്ഷനിലേക്ക് CLR നിർദ്ദേശിക്കുകയും പ്രിൻസിപ്പൽ സെക്രട്ടറി  എന്നെ നോമിനേറ്റ് ചെയ്യുമ്പോൾ പ്രത്യേകം ആയി ലീൻ സംബന്ധിച്ചു  വിശദമായ  ഒരു കത്തും ചീഫ് സെക്രട്ടറിക്കു നൽകി. എന്നാൽ ഗവൺമെൻറ്  എന്റെ deputation റെഗുലർ സർവീസ് അല്ല എന്ന് പറഞ്ഞു നോമിനേഷൻ നിരസിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ ഞാൻ കോടതിയിൽ  പോവുകയും ഒന്നര വർഷത്തെ നീണ്ട നിയമ യുദ്ധത്തിന് ശേഷം കോടതികളുടെ അനുകൂല ഉത്തരവ് വാങ്ങി യുപിഎസ് സി ഇൻറർവ്യൂവിൽ പങ്കെടുത്തു. പങ്കെടുത്ത പത്ത് പേരിൽ ആദ്യത്തെ റാങ്കുകാരനായി വരികയും ചെയ്തു. IAS കിട്ടിയിട്ടും   വർഷങ്ങളോളം പലരും കേസ് കൊടുത്തു. ചില കാര്യങ്ങൾ കോടതികൾ പരിശോധിച്ചില്ല എന്ന് പറഞ്ഞു CAT- ലേക്ക് ഹൈക്കോടതി കേസ് റിമാൻഡ് ചെയ്തു. എന്തിനേറെ, ഒരു ജയിൽ പുള്ളി പോലും ഞാൻ തെറ്റായ കാര്യങ്ങൾ ആണ് കോടതിയിൽ കൊടുത്തതെന്ന് പറഞ്ഞ് കേസിൽ ചേരാൻ ശ്രമം നടത്തി. കേസെല്ലാം തള്ളി പോയപ്പോൾ  ഈ ജയിൽ പുള്ളിയുടെ സിവിൽ സർവീസിലുള്ള കൂട്ടുകാരാണ്  ഞാൻ വ്യാജ രേഖ ചമച്ചാണ് ഐഎഎസ് നേടിയത് എന്ന് പറഞ്ഞു 8  വർഷം മുൻപ് പത്രസമ്മേളനം നടത്തിയതും കേന്ദ്രത്തിനെക്കൊണ്ട് ഇപ്പോൾ ക്യാൻസൽ ചെയ്യിക്കും എന്ന് ഭീഷണി പെടുത്തിയതും .  എന്തായാലും ഇതിനു വേണ്ടി എന്നെ ശുപാർശ ചെയ്ത റവന്യൂ കമ്മിഷണർ നീല ഗംഗാധരൻ മാഡം, പ്രിൻസിപ്പൽ സെക്രട്ടറി Dr. നിവേദിത പി ഹരൻ മാഡം – ഇവരോടൊക്കെയുള്ള കടപ്പാട് മരണം വരെ ഉണ്ടാകും.

ഇവർ മാത്രമല്ല, എന്നെ ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിൽ റെഗുലറൈസ് ചെയ്ത ഉത്തരവിൽ “ Considering his exceptionally efficient services, govt is pleased to absorb … “ എന്ന് എഴുതി ചേർത്ത ഇപ്പോഴത്തെ ബംഗാൾ ഗവർണർ Dr.ആനന്ദബോസ് സാർ, ഞാൻ HLL ലേക്ക് തിരിച്ചു പോകാതെ സംസ്ഥാന സർവീസിൽ  നിൽക്കണം എന്ന് നിർബന്ധിച്ച ഫാക്ടറീസ് ഡയറക്ടർ KM ആമാനുള്ള സാർ, തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥരോടുള്ള കടപ്പാട് മറക്കാൻ പറ്റില്ല.

ഉദ്യോഗസ്ഥരേക്കാൾ ഉപരി എന്നെ കോളേജിൽ പഠിക്കുന്ന കാലം മുതൽ സ്നേഹിക്കുകയും എന്റെ ഗോഡ് ഫാദർ ആയും വഴികാട്ടിയായും ഇന്നും പ്രവർത്തിക്കുന്ന മുൻ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടറും FRAT പ്രസിഡന്റും ഒക്കെ ആയിരുന്ന ഭാസ്കര പണിക്കർ സാറിന് എന്റെ ജീവിതത്തിൽ എന്റെ അച്ഛന്റെ സ്ഥാനമാണ് ഉള്ളത്. ജീവിതത്തിലെ വീഴ്ചകളിൽ ഏറ്റവും ധൈര്യം പകർന്നു തന്നിട്ടുള്ളത് അദ്ദേഹമാണ്. രണ്ടാമത് സിവിൽ സർവീസ് പരീക്ഷ എഴുതുന്നില്ല എന്ന് പറഞ്ഞപ്പോൾ നീ ജോലിക്ക് പോകാതെ ഡൽഹിക്ക് പോയി പഠിക്ക് – അതിനുള്ള കാശ് ഞാൻ തരാം എന്ന അദ്ദേഹത്തിന്റെ വാക്ക് കേട്ടിരുന്നെങ്കിൽ എന്ന് പിന്നീട് പലപ്പോഴും നഷ്ടബോധത്തോടെ ആലോചിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ജോലി കഴിഞ്ഞു വൈകുന്നേരം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിലെ മതിലിൽ ഇരുന്നു സമയം കളയുമ്പോൾ ഞാൻ ഇടക്കിടെ സെക്രട്ടറിയേറ്റ് കെട്ടിടത്തിലേക്ക് നോക്കി നെടുവീർപ്പോടെ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തിരുന്നു. ഈ തണലും സ്നേഹവും ഒരിക്കലും ഞാൻ മറക്കില്ല. കേവലം ഏഴു മാസക്കാലമേ കൃഷി വകുപ്പിൽ പ്രവർത്തിച്ചുള്ളുവെങ്കിലും കർഷകരുടെ കുടുംബത്തിൽ നിന്ന് വന്നതിനാൽ കൃഷിയോട് വലിയ താല്പര്യമായിരുന്നു. പണിക്കർ സർ മാത്രമല്ല ഇതിനുള്ള inputs നൽകിയത്. നല്ലൊരു കൃഷിക്കാരൻ എന്ന് പറഞ്ഞാൽ പറ്റില്ല, ശാസ്ത്രീയമായി കൃഷിചെയ്യുന്ന കൃഷിക്കാരൻ ആയ എന്റെ ഇപ്പോഴത്തെ മന്ത്രി ശ്രി കൃഷ്ണൻകുട്ടിയും എനിക്ക് ഈ കാര്യത്തിൽ ഗുരു തുല്യനാണ്. അദ്ദേഹത്തിനെ കൃഷി സ്ഥലങ്ങളും, രീതികളും, അദ്ദേഹം ഉണ്ടാക്കിയ അഗ്രോ സർവീസ് സെന്ററും മാതൃകയാക്കിയായിരുന്നു  കൃഷി വകുപ്പിലെ എന്റെ പ്രവർത്തനം. നല്ല മണ്ണോ വെള്ളമോ ഇല്ലാത്ത ഇസ്രായേൽ ശാസ്ത്രീയമായി എങ്ങനെ  കൃഷി ചെയ്തു എന്ന് മനസ്സിലാക്കാൻ ക്ലിഫ് ലവ് എന്ന വിദഗ്ദ്ധനെ കൊണ്ടുവന്നു കൃഷ്ണൻ കുട്ടി സാറിന്റെ നേതൃത്വത്തിൽ ചിറ്റൂരിലെ കർഷകർക്ക് ക്ലാസ് എടുക്കുകയുണ്ടായി. ഇസ്രായേൽ വിദഗ്ദ്ധനെ കൊണ്ടുവന്നതും കൃഷി വകുപ്പിൽ നിന്നും പുറത്തു പോകാൻ ഒരു കാരണമായി. ചെറുപ്പത്തിൽ കർഷകരോടൊപ്പം കാളെ പൂട്ടുന്നതും മുട്ടോളം വെള്ളത്തിൽ ട്രാക്ടർ ഓടിച്ചു നിലം ഉഴുന്നതും വർഷങ്ങളോളം ചെയ്തിട്ടുള്ള ഞാൻ 3  വർഷമെങ്കിലും ആ വകുപ്പിൽ ഇരുന്നിരുന്നെകിൽ കാർഷിക രംഗത്തു ശാസ്ത്രീയ രീതികൾ കൊണ്ട് വരാൻ കർഷകരെ പഠിപ്പിക്കാമായിരുന്നു. ഒരു വകുപ്പിൽ നിന്നും ഇറങ്ങി പോകുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെകിൽ അങ്ങനെയുള്ള ഒരു വകുപ്പാണ് ഞാൻ ഇഷ്ടപ്പെട്ട കൃഷി വകുപ്പ്. 

2001-ൽ IT@SCHOOL തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്ക് അതിന്റെ സ്വീകാര്യത വർധിച്ചു വന്നു. അപ്പോൾ കുത്തക കമ്പനി ആയ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയർ സ്കൂളിൽ പഠിപ്പിക്കുന്നതിനെതിരെ ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എതിർപ്പുണ്ടായി. മുഖ്യമന്ത്രി ശ്രീ. EK നായനാരുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. PJ ജോസഫ് ആണ് Intel-മൈക്രോസോഫ്റ്റ് പദ്ധതി നടപ്പാക്കാൻ 2000-ത്തിൽ തീരുമാനം എടുത്തത്. അതനുസരിച്ച് വ്യാപകമായ അധ്യാപക പരിശീലനവും  നടന്നിരുന്നു. എന്തായാലും 2002-ൽ ടെക്സ്റ്റ് ബുക്ക് അച്ചടിച്ച് എട്ടാം ക്ലാസ്സിൽ പഠനം തുടങ്ങിയതിനാലും ഫ്രീ സോഫ്റ്റ് വെയർ അത്ര പ്രചാരണത്തിൽ അന്ന് അല്ലാത്തതിനാലും IT@SCHOOL പ്രോജക്റ്റ് പ്രവർത്തകർ — പ്രധാനമായും ഇടതു പക്ഷ സംഘടനയായ കെ എസ് ടി-യിലെ അധ്യാപകർ — അത് അവഗണിച്ചു. സത്യം പറഞ്ഞാൽ പ്രോജക്ട് ഡയറക്ടർ ആയ എനിക്കും ഫ്രീ സോഫ്റ്റ് വെയറിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വലിയ ധാരണയില്ലായിരുന്നു. എതിർപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു ദിവസം പ്രതിപക്ഷ നേതാവായ ശ്രീ. VS അച്യുതാനന്ദൻ നിയമസഭയിൽ ഒരു ബോംബ് പൊട്ടിച്ചത്. ഞാനും വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയും കൂടി മൈക്രോസോഫ്റ്റിൽ നിന്നും 25 കോടി രൂപ കൈക്കൂലി വാങ്ങി എന്ന്. വിഎസ്ന്-ന്റെ വാക്കുകൾക്ക് കേരളം വലിയ വില കൊടുക്കുന്ന കാലം. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നപ്പോൾ ആണ് ശ്രീ. PT തോമസ് MLA എന്നെ ഫോണിൽ വിളിക്കുന്നത്. നിങ്ങളെ പോലെ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കേണ്ടത് എന്നെ പോലുള്ളവരുടെ ചുമതലയാണ് എന്ന് പറഞ്ഞു. അദ്ദേഹം നിയമസഭയിൽ നായനാരുടെ കാലത്ത് ഉണ്ടാക്കിയ കരാറും ഒക്കെ പറഞ്ഞു എന്നെ നിയമസഭയിൽ വലിയ രീതിയിൽ പിന്തുണച്ചു സംസാരിച്ചു. എന്തായാലും പ്രതിസന്ധി ഘട്ടത്തിൽ പിടി യുടെ പിന്തുണ വലുതായിരുന്നു. അതോടൊപ്പം പത്രക്കാരായ രെഞ്ചി കുര്യക്കോസും MB സന്തോഷും ഈ പദ്ധതിയുടെ നിജ സ്ഥിതി പത്രങ്ങളിലൂടെ പുറത്തു കൊണ്ട് വന്നു.  മറ്റു പല പത്ര പ്രവർത്തകരും പത്രങ്ങളും ഈ അവസരത്തിലും പിന്നീടും എന്നെ വളരെ അധികം പിന്തുണച്ചിട്ടുണ്ട് . പേര് പറഞ്ഞാൽ ഒരു പേജ് 8  കോളം വേണം അവരുടെ പേര് എഴുതാൻ.    ഞാൻ വിഎസ്-നെ നേരിൽ കണ്ടു കാര്യം പറഞ്ഞപ്പോൾ പിന്നെ അദ്ദേഹം ആ ആരോപണം  കൂടുതൽ കാലം ഉയർത്തി പിടിച്ചില്ല. IT @ SCHOOL ന്റെ ആദ്യകാലം മുതൽ പ്രവർത്തിക്കുകയും പിന്നീട് എന്റെ മുഖ്യ ഉപദേഷ്ടാവ് ആയി പ്രവർത്തിക്കുകയും ചെയ്ത ഒരു അധ്യാപകൻ പിന്നിൽ നിന്ന് കുത്തിയതാണ് ഈ വിവാദങ്ങൾക്കെല്ലാം കാരണം  മനസ്സിലാക്കിയപ്പോൾ വലിയ മനോവിഷമം ഉണ്ടായില്ല . എന്റെ അച്ഛന്റെ കൂടെ നിന്നവർ അദ്ദേഹത്തിന്റെ കൈയ്യിലുള്ള സമ്പാദ്യം ഉൾപ്പെടെ ഊറ്റി അദ്ദേഹത്തെ ചണ്ടിയാക്കി  മരുന്ന് വാങ്ങിക്കാനോ നല്ല ട്രീറ്റ്മെൻറ് കൊടുക്കാനോ കാശില്ലാതെ മരിക്കുന്നതു കണ്മുൻപിൽ കണ്ടതിനാൽ   പിന്നിൽ നിന്നുള്ള ഈ കുത്തു   നിസ്സാരമായിരുന്നു.  പക്ഷേ ഒരു ഗുണം ഉണ്ടായതു മൈക്രോ സോഫ്റ്റ് വിവാദം കാരണം  ആദ്യം തന്നെ നല്ലപോലെ നനഞ്ഞതു കാരണം  പിൽക്കാലത്ത് എന്ത് കേട്ടാലും കുളിരൊന്നും ഏൽക്കാതായി എന്നതാണ്. അതുകൊണ്ട് തന്നെ നിരവധി വിജിലൻസ് കേസുകളും മാധ്യമങ്ങളിൽ ആരോപണങ്ങളും വന്നപ്പോൾ ഞാൻ എന്റെ ഇമേജിനെ കുറിച്ച് ആലോചിച്ചു വിഷമിച്ചില്ല.  എന്തായാലും 25 കോടി രൂപയുടെ കൈക്കൂലി,   വ്യാജ ഐഎഎസ്  തുടങ്ങിയ നിരവധി ആരോപണങ്ങൾ പത്രമാധ്യമങ്ങളിലും അല്ലാതെയും ഒക്കെ വന്നു കഴിഞ്ഞപ്പോൾ   മറ്റുള്ളവർ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ഞാൻ ആലോചിച്ചു വിഷമിക്കുന്ന സ്വഭാവം ഇല്ലാതായി. ഫേസ്ബുക്കിൽ എനിക്ക് എത്ര ലൈക്ക് കിട്ടി എന്നോ എന്തിന് എന്താണ് കമന്റ് എന്ന് പോലും വായിക്കാറില്ല. ഞാൻ ആരാണെന്ന് എന്റെ കുടുംബാംഗങ്ങളും എന്റെ അടുത്ത സുഹൃത്തുക്കൾക്കും എന്റെ കൂടെ ഒറ്റ ടീമായി വിവിധ വകുപ്പിൽ നിന്നിട്ട് പ്രവർത്തിച്ച എന്റെ സഹപ്രവർതകർക്കും ഞാൻ മുൻപ് പേര് പറഞ്ഞിട്ടുള്ളതും അല്ലാത്തതുമായ എന്റെ സീനിയർ ഉദ്യോഗസ്ഥർക്കും വ്യക്തമായി  അറിയാം. അവരുടെ സർട്ടിഫിക്കറ്റ് മാത്രം മതി – കർമ്മം ചെയ്യുക ഫലം ഇച്ഛിക്കാതെ എന്ന ഗീതാവചനമാണ്  എന്നെ മുന്നോട്ടു നയിക്കുന്നത്. വിരമിക്കൽ ദിനം വരെ ഞാൻ ഔദ്യഗിക കാര്യങ്ങളിൽ തീരുമാനം എടുക്കുന്നുണ്ട്.

പിന്നീടും ഞാൻ പറയാതെ തന്നെ ദേവദൂതനെ പോലെ പിടി തോമസ് എന്റെ ഔദ്യോഗിക ജീവിതത്തിൽ കടന്നു വന്നു. ഡെപ്യൂട്ടി കളക്ടർ പരീക്ഷയിൽ മൂന്നാംറാങ്ക് വാങ്ങിയപ്പോൾ അറിയുന്നു വേക്കൻസി ധാരാളം ഉണ്ടെങ്കിലും അത് റിപ്പോർട്ട് ചെയ്യാൻ റവന്യു വകുപ്പ് തയാറാകുന്നില്ല. അന്ന് കോൺഗ്രസ് ആണ് ഭരിക്കുന്നതെന്നും എന്റെ അച്ഛൻ ആ പാർട്ടിയുടെ ഉന്നത നേതാവായിരുന്നു എന്നും ഓർക്കണം. എല്ലാവർക്കും റവന്യൂ സ്റ്റാഫിന്റെ  സംഘടിത ശക്തിയെ  മറികടക്കാൻ മടി. അത് കൊണ്ട് തന്നെയാണ് KAS  കേരളത്തിൽ ഈ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നവരെ വരാതിരുന്നതും. ഫലത്തിൽ മൂന്നാം റാങ്ക് വാങ്ങിയിട്ടും ഒരു കൊല്ലമായി വേക്കൻസി റിപ്പോർട്ട് ചെയ്യുന്നില്ല. എന്റെ അച്ഛന്റെ സുഹൃത്തും ഞാൻ എന്റെ ചെറുപ്പകാലം മുതൽ അങ്കിൾ എന്ന് വിളിക്കുന്ന ഒരു പ്രമുഖ മന്ത്രി പറഞ്ഞത് നിങ്ങൾ പറയുന്നത് പോലെ സൂപ്പർ ന്യൂമററി പോസ്റ്റ് ഉണ്ടാക്കി റിപ്പോർട്ട് ചെയ്യാൻ സാധ്യമല്ല എന്നാണ്. ഹൈകോടതിയിൽ നടക്കുന്ന കേസിൽ വേക്കൻസി എത്ര എന്ന് അറിയിക്കാത്തത് കാരണം പോസ്റ്റിങ്ങ് നീണ്ടു പോവുകയാണ്. ഈ വിവരം പിടി തോമസ് എങ്ങനെയോ അറിഞ്ഞു. ഒരു ദിവസം അദ്ദേഹം കെപിസിസി യോഗത്തിൽ എല്ലാവരോടും ചോദിച്ചു “ ആയ കാലത്ത് ഈ പാർട്ടിയെ സഹായിച്ച തച്ചടിയുടെ മകൻ  മൂന്നാം റാങ്ക് വാങ്ങിച്ചിട്ടും കോൺഗ്രസുകാർ ഭരിക്കുന്ന ഈ സമയത്ത് അയാൾക്ക് എന്ത് കൊണ്ട് പോസ്റ്റിങ്ങ് കൊടുക്കുന്നില്ല”. ഇത് കേട്ട രമേശ് ചെന്നിത്തല എന്നെ വിളിച്ചു. ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തണം എന്ന് പറഞ്ഞു. ഞാൻ പോകാൻ മടിച്ചപ്പോൾ പിടി തോമസ്  എന്റെ ഓഫീസിൽ വന്നു നിർബന്ധമായി എന്നെയും കൂട്ടി ചെന്നിത്തലയുടെ ഒപ്പം മുഖ്യമന്ത്രിയെ കണ്ടു. എത്ര വേക്കൻസി ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യാൻ റവന്യൂ കമ്മിഷണർക്ക് നിർദ്ദേശം നൽകി.  കമ്മിഷണർ ആയ അൽഫോൺസ് കണ്ണംതാനം സാർ കിണഞ്ഞു പരിശ്രമിച്ചിട്ടും എത്ര വെക്കൻസി ഉണ്ടെന്ന് താഴെ നിന്ന് അദ്ദേഹത്തിന് കൊടുക്കുന്നില്ല. അദ്ദേഹം കേരളത്തിലെ ഓരോ കളക്ടറേറ്റിലും   വിളിച്ചു നിലവിലുള്ള പോസ്റ്റിന്റെ കണക്കെടുത്തു ഹൈക്കോടതിയിൽ കൊടുത്തതു കൊണ്ട് മാത്രമാണ് റാങ്ക് ലിസ്റ്റ് വന്നിട്ടു ഒരു കൊല്ലവും 8 മാസത്തിനു ശേഷം എനിക്ക് ഡെപ്യൂട്ടി കളക്ടർ ആകാൻ സാധിച്ചത്. അന്ന് ഞങ്ങൾ കൊടുത്ത കണക്കു അനുസരിച്ചു 182 പോസ്റ്റ് ഉണ്ടായിരുന്നെകിലും 113 പോസ്റ്റ് മാത്രം ഉണ്ടെന്ന കണക്ക്  അദ്ദേഹം എത്ര പരിശ്രമിച്ചിട്ടും സർക്കാരിന് രേഖാമൂലം  കൊടുക്കാൻ സാധിച്ചിട്ടുള്ളു.  ഇവരോടൊക്കെ നന്ദി പറയുന്നതിനൊപ്പം ഞങ്ങൾക്ക് വേണ്ടി കേസ് വാദിച്ച യശശരീരനായ കൈമിൾ വക്കീലിനെയും നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. 2000-ത്തിൽ എന്നെ സംസ്ഥാന സർവീസിൽ സ്ഥിരപ്പെടുത്താൻ ഉത്തരവ് നൽകിയ അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.പി രാമകൃഷ്ണപിള്ള – എന്റെ അച്ഛനുമായുള്ള സുഹൃത് ബന്ധത്തിന്റെ പേരിൽ എനിക്ക് കിട്ടിയ ഒരേ ഒരു രാഷ്ട്രീയ സഹായം അദ്ദേഹത്തിൽ നിന്ന് മാത്രമാണ്. അച്ഛൻ രോഗാവസ്ഥയിൽ ഗുരുതരമായി കിടക്കുമ്പോഴായിരുന്നു അതിന് വേണ്ടിയുള്ള ഉത്തരവ് അദ്ദേഹം ഇട്ടത്.

സാധാരണ അല്ലാത്ത രീതിയിൽ ഐഎഎസ്-ൽ എത്തിയത് കൊണ്ടാവാം പിന്നീട് വിവാദം ഉണ്ടായത്. വ്യാജ രേഖ ചമച്ച് ഐഎഎസ് വാങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ആൾ എന്ന് വിളിച്ചു പറഞ്ഞവരുണ്ട്. വിളിച്ച് പറഞ്ഞരുടെ യോഗ്യതയെ കുറിച്ച്  ഈയടുത്തിടെ ബഹു.സുപ്രീം കോടതി തന്നെ വിശദമായി വിധിയിൽ പറഞ്ഞതു കൊണ്ട് കൂടുതൽ പറയുന്നില്ല. സർവീസ് തീരുന്നതിനു മുൻപ്  അതു കൂടി കണ്ടുകൊണ്ട് പടി ഇറങ്ങാനും എനിക്ക് ഭാഗ്യമുണ്ടായി. മുൻ ബെഞ്ചിൽ ഇരുന്നു പരീക്ഷക്ക് റാങ്ക് വാങ്ങുന്നതും പിൻ ബെഞ്ചിൽ ഇരുന്നു പരീക്ഷക്ക് റാങ്ക്  വാങ്ങുന്നതിന്റെയൂം  വ്യത്യാസം വളരെ വലുതാണ്. രണ്ടാമത്തെ കൂട്ടർക്ക് ഏതു സാഹചര്യത്തിലും  തീരുമാനം എടുക്കുമ്പോൾ മുട്ടു ഇടിക്കില്ല എന്നതാണ് പ്രധാന വ്യത്യാസം. അത്തരത്തിൽ തീരുമാനം എടുക്കുന്ന ധാരാളം ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ട് എന്നതാണ് ഈ സംസ്ഥാനത്തിന്റെ സൗഭാഗ്യം .

സർവീസിലും പുറത്തുമുള്ള പല മഹദ് വ്യക്തികളെയും ഈ 35 വർഷക്കാലം അടുത്ത് കാണാൻ സാധിച്ചു. അവരുടെ പ്രവർത്തന ശൈലിയിൽ നിന്നും പലതും പഠിക്കാൻ സാധിച്ചു. ബഹുമുഖ പ്രതിഭകളായ ചെറുപ്പക്കാരായ ഐഎഎസ്-കാർ പലരും ഓരോ പ്രതിസന്ധി ഘട്ടങ്ങളിൽ കാര്യ പ്രാപ്തിയോടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നിയിട്ടുണ്ട്. പലരും ഒരു ജേഷ്ഠ സഹോദരനെ പോലെയും  ചിലർ അവരുടെ പ്രായത്തിലുള്ള ഒരു ആളെന്നുള്ള നിലയിലൊക്കെ ഇടപഴകിയത് സന്തോഷത്തോടെ ഓർമിക്കുന്നു. മാറി മാറി വന്ന ചീഫ് സെക്രട്ടറിമാരിൽ നിന്നും മികച്ച പിന്തുണയാണ് ഇപ്പോഴും ലഭിച്ചത്. എടുത്തു പറയാനുള്ള അടുപ്പം ഉണ്ടായിരുന്നത് ചീഫ് സെക്രട്ടറിമാരായ നീല മാഡത്തിനോടും  വേണു സാറിനോടും ശാരദ മാഡത്തിനോടുമാണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശ്രീ.എം.ശിവശങ്കർ എന്റെ  സംസ്ഥാന സർവീസിന്റെ   തുടക്കകാലത്ത് നൽകിയ പിന്തുണ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ അതിനേക്കാൾ വലിയൊരു നന്ദികേട് വേറെ ഉണ്ടാവില്ല. ഫാക്‌ടറീസ് വകുപ്പിൽ ഒരു ഡയറക്ടറും ഒരു യൂണിയൻ നേതാവും കൂടി എന്റെ  ജീവിതം ദുസ്സഹമാക്കിയപ്പോൾ പിടി തോമസിനെ പോലെ ആ വകുപ്പിൽ നിന്നും എന്നെ പിടിച്ചിറക്കി കൊണ്ടുവന്നു സംസ്ഥാനത്തു ആദ്യമായി ഐടി വകുപ്പ് രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം ഐടി മിഷനിൽ 4 മിഷൻ കോർഡിനേറ്റർമാരിൽ ഒരാൾ  ആക്കിയത് അദ്ദേഹമാണ്. അതിനു ശേഷം സ്വകാര്യ മേഖലയിൽ നിന്ന് വന്ന ഒരു താത്കാലിക  മിഷൻ ഡയറക്ടറുമായിഎന്റെ  സസ്‌പെൻഷനിലേക്ക്  വരെ  എത്താവുന്ന ഒരു സംഭവത്തിൽ നിന്നും എന്നെ രക്ഷിച്ചു   ഐടി @ സ്കൂൾ എന്ന പദ്ധതിയുടെ ഡയരക്ടർ ആക്കിയതും അദ്ദേഹത്തിന്റെ മാത്രം ഇടപെടൽ കൊണ്ടായിരുന്നു. ഈ ഐടി @ സ്കൂൾ  പദ്ധതിയൂം അതിന്റെ ഭാഗമായി വന്ന വിക്ടേഴ്‌സ് എന്ന ഇന്ത്യയിലെ ഒരേയൊരു സ്കൂൾ വിദ്യാഭ്യാസ ടിവി ചനലുമാണ് എന്റെ പ്രവർത്തനങ്ങൾ പി ജെ തോമസ് സാറിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നതും ഐഎഎസിലേക്ക് എന്നെ പിന്നീട് എത്തിച്ചതും. ഇന്ന് കേരളം ഐടി യിലും  സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിലും മികച്ച നിലയിൽ എത്തിയതിൽ ശിവശങ്കറിന്റെ പങ്ക് എന്തായിരുന്നു എന്ന്  മറ്റാരെക്കാളും എനിക്കറിയാം . പ്രശ്നങ്ങൾ വന്നപ്പോൾ ഞാനും മറ്റൊരു ഉദ്യോഗസ്ഥനും അദ്ദേഹത്തെ കാണാൻ വരട്ടെ എന്ന് ചോദിച്ചപ്പോൾ എന്നെ കണ്ട് വെറുതെ നിങ്ങളുടെ ഭാവി കളയേണ്ട എന്ന് വിലക്കിയതും അദ്ദേഹമാണ്. സഹിച്ചതിന് പരിഹരമാകില്ലെങ്കിലും  ഈ പ്രശ്നങ്ങളിൽ നിന്നും  പുറത്തുവരാൻ അദ്ദേഹത്തെയൂം കുടുംബത്തെയും  ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ അവസരത്തിൽ. 

കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുമ്പോൾ ഒരിക്കൽ പോലും ഔദ്യോകികമായി ഒരു ടെൻഷൻ ഉണ്ടാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല KSRTC-യിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം എനിക്ക് മികച്ച പിന്തുണയാണ് നൽകിയത്. സാധാരണയായി സ്റ്റേറ്റ് സെർവിസിൽ നിന്നും വരുന്ന ഒരു ഐഎഎസ് കാരനെ അത്ര പെട്ടന്ന് സെക്രെട്ടറിയേറ്റിൽ സെക്രട്ടറിയായി അന്ന് നിയമിക്കാറില്ല. കൃഷി വകുപ്പിൽ  സർക്കാരിനുണ്ടായ മാനക്കേടിനു   സാഹചര്യം  വിശദീകരിക്കാൻ ചെന്നപ്പോൾ  ആളെ എനിക്കറിയാം എന്ന് പറഞ്ഞതും ശ്രി പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയാണ്. ഉടൻതന്നെ എന്നെ PWD സ്പെഷ്യൽ സെക്രട്ടറി ആയി നിയമിച്ചു എന്ന് മാത്രമല്ല സെക്രെട്ടറിയുടെ ഫുൾ ചാർജ് നൽകുകയും ചെയ്തു.   3 വർഷവും 8 മാസക്കാലവും എന്നെ ഗുരുവായൂർ, കൂടൽമാണിക്യം ക്ഷേത്രങ്ങളുടെ ദേവസ്വം കമ്മിഷണർ ആയി ഇരിക്കാൻ ഭാഗ്യം ഉണ്ടാക്കിയതും ഈ മുഖ്യമന്ത്രിയാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന തിരുവനന്തപുരത്തിന്റെ കളക്ടർ ആയി എന്നെ നിയമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജന സേവനം നടത്തുന്നത് അത്ഭുതത്തോടെ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് തിരുവന്തപുരത്തെ ജനസമ്പർക്ക പരിപാടിയിൽ രാവിലെ 10 മണി മുതൽ രാത്രി പന്ത്രണ്ടര  വരെ   ഒറ്റ  നിൽപ്പിൽ ആയിരകണക്കിന് പരാതിക്കാരെ കേൾക്കുകയും ഉടൻ ഉടൻ ഉത്തരവ്  ഇടുകയും ചെയ്ത അദ്ദേഹത്തെ അത്ഭുതയോടെയാണ് ഞാൻ നോക്കി കണ്ടത്. ഇതിനിടയിൽ ഭക്ഷണം ഒന്നും കഴിക്കാതെ ഒന്നോ രണ്ടോ സൂപ് കുടിക്കുന്നത് മാത്രമേ കണ്ടിട്ടുള്ളു. ഏറ്റവും അവസാനം അദ്ദേഹം വേദിയിൽ നിന്നു ഇറങ്ങി പോകുമ്പോൾ എന്നെകൊണ്ട് ഉത്തരവു ഇടാൻ പറ്റാത്ത ഒരു കാൻസർ രോഗിയുടെ കാര്യം എന്റെ ഒരു സ്റ്റാഫ് കൊണ്ടുവരികയുണ്ടായി. തളർന്നിരുന്ന അദ്ദേഹം  6  ലക്ഷം രൂപ ആർസിസിക്കു  നല്കാൻ  ഒരു ചിരിയോടെ ഉത്തരവിട്ടിട്ടാണ് വീട്ടിലേക്ക് പോയത്. 

എന്റെ മന്ത്രിമാരിൽ മിക്കവാറും എല്ലാവരുമായി സൗഹാർദ സമീപനമാണ് ഉണ്ടായിരുന്നത്. അല്ലാത്ത സാഹചര്യത്തിൽ  അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അവരെ ആക്ഷേപിക്കാതെ ഞാൻ സ്വയം ഒഴിഞ്ഞു പോയിരുന്നു – കാരണം എനിക്കില്ലാത്ത ഒരു യോഗ്യത അവർക്ക് ഉണ്ട് – ജനങ്ങളുടെ വോട്ട് നേടി അധികാരത്തിൽ വന്നവരാണ് അവർ. അവരെ കൊച്ചാക്കിയാൽ അവർ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ കൊച്ചാക്കുന്നതിന് തുല്യമാണ്. ഈ കാരണം  കൊണ്ട് തന്നെയാണ് ” ഈയാളെ എന്റെ തലയിൽ കെട്ടിവെക്കരുത് സിഎമ്മേ ” എന്ന്  മന്തിസഭയിൽ പറയുകയും പിന്നീട് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ എന്നെ പുറത്താക്കിയ മന്ത്രിക്ക് എതിരെ ഒരു വാക്ക് പോലും ആവർത്തിച്ച് ചോദിച്ചിട്ടും ഒരു പത്രക്കാരനോടു  പോലും മോശമായി പറയുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയോ ചെയ്തിട്ടില്ലാത്തത്.  ചില മന്ത്രിമാരുടെയും സീനിയർ ഉദ്യോഗസ്ഥരുടെയും പെരുമാറ്റം സഹിക്കാാൻ പറ്റാതപ്പോൾ ഒഴിഞ്ഞു മാറി പോയിട്ടുണ്ട്.    ഏറ്റവും രസകരമായി ജോലി ചെയ്ത മന്ത്രിമാരുടെയും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെയും പേര് ഇവിടെ പറയാത്തത് ഈ കാരണം കൊണ്ടാണ്. അവരുടെ പേര് പറഞ്ഞാൽ തിക്ത അനുഭവം ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് എന്റെ സർവീസ് റെക്കോർഡ് നോക്കിയാൽ മനസ്സിലാകും .

തിരിഞ്ഞ് നോക്കുമ്പോൾ മനസ്സിന് സംതൃപ്തി നൽകുന്ന ഒട്ടനവധി പദ്ധതികൾ നടപ്പാക്കാൻ നേതൃത്വം കൊടുക്കാൻ സാധിച്ചത് എന്റെ കഴിവു മാത്രം കൊണ്ടല്ല എന്ന് ഞാൻ വിശ്വസിക്കുന്നു . ഒരു പദ്ധതി നടപ്പാക്കാൻ ആദ്യം വേണ്ടത് മുകളിൽ ഉള്ള ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും  ഉത്തരവാണ് .  ജനങ്ങൾക്ക് പ്രയോജനം ഉണ്ടെന്ന് അവർക്ക് തോന്നിയാലേ കാര്യമുള്ളൂ. രണ്ടാമത് ആര് ഉത്തരവ് ഇട്ടാലും നടപ്പാക്കാൻ ഓരോ വകുപ്പിലും  വകുപ്പ് അധ്യക്ഷൻ പറയുന്നത് അതിന്റെ അർത്ഥത്തിൽ  മനസ്സിലാക്കി അതു നടപ്പാക്കാൻ മുൻ കൈ എടുക്കുന്ന ഒരു ഉദ്യോഗസ്ഥ ടീം വേണം.  അക്കാര്യത്തിൽ ഞാൻ ജോലി ചെയ്ത എല്ലാ സ്ഥലത്തും മിടുക്കൻമാരുടെ  ടീമുകൾ   ഉണ്ടായിരുന്നതാണ് എനിക്ക് സ്വന്തം മേൽവിലാസം ഉണ്ടാകാൻ കാരണം.  ഞാൻ നേതൃത്വം കൊടുത്ത പദ്ധതികളുടെ പേരിൽ ഒരു അവാർഡ് ലഭിക്കാനും  ഇന്ന് വരെ ഞാൻ അപേക്ഷ കൊടുത്തിട്ടില്ല. എന്നാലും ഐടി @സ്കൂൾ പദ്ധതിക്ക് ദേശീയ തലത്തിൽ നാഷണൽ e governance award കിട്ടി. അതിനു കാരണം ഐടി മിഷനിൽ നിന്ന് അപേക്ഷ കൊടുത്തത് അന്നത്തെ മിഷൻ ഡയരക്ടർ ആയ ആനന്ദ് സിംഗും മിഷൻ കോർഡിനേറ്റർ ആയ ബിൻസിയും ചേർന്ന് ആണ്. സാമൂഹിക നീതി വകുപ്പിൽ  പ്രവർത്തിച്ച 3 വർഷവും ഓരോ വർഷവും ദേശീയ അവാർഡ് കിട്ടിയത് അവിടുത്തെ ഉദ്യോഗസ്ഥർ പദ്ധതികൾ നടപ്പാക്കിയത് കൊണ്ടാണ്. ഉത്തരവ് കൊടുത്തതും അതിന്റെ മോണിറ്ററിങ് നടത്തിയത് സെക്രട്ടറി എന്ന നിലയിലുള്ള എന്റെറെ ചുമതല ആയിരുന്നു. 2 അവാർഡ് ദേശീയ തലത്തിൽ മന്ത്രി  ശൈലജ ടീച്ചറിന് ഒപ്പം  ഇന്ത്യൻ പ്രസിഡൻറിൽ നിന്നും വൈസ് പ്രസിഡന്റിൽ നിന്നും വാങ്ങാൻ എനിക്ക് ഭാഗ്യം ഉണ്ടായി.  പിന്നെ കിട്ടിയ ഒരു അവാർഡ്  കളക്ടർ ആയിരിക്കുമ്പോൾ ഏതോ ഒരു സംഘടനയുടെ പേരിൽ ആയിരുന്നു. 10,000 രൂപ അവാർഡ് തുകയും ഉണ്ടായിരുന്നു. മികച്ച ഉദ്യോഗസ്ഥാനുള്ള ഈ അവാർഡ്  നൽകിയത് മറ്റാരും അല്ല ഞാൻ 25 കോടി രൂപ മൈക്രോസോഫ്റ്റിൽ നിന്നും വാങ്ങി എന്ന് പറഞ്ഞ സ. വിഎസ് അച്യുതാനന്ദൻ ആയിരുന്നു!! കൂടെ നിന്ന കുതികാൽ വെട്ടുകാർ പറഞ്ഞ അരോപണം ഗവൺമെന്റിന് എതിരെ ഉപയോഗിച്ചതല്ലാതെ എന്നോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നതിന്റെ തെളിവ് ആയിരുന്നു ഈ അവാർഡ് ദാനം. ഇല്ലെങ്കിൽ ഈ ഉദ്യോഗസ്ഥന് ഞാൻ അവാർഡ് കൊടുക്കില്ല ആ വേദിയിൽ വെച്ച് പറയാൻ വിഎസ്-നെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല.

ചെയ്ത കാര്യങ്ങളിൽ മനസ്സിന് ഏറ്റവും  ഏറ്റവും സന്തോഷം നൽകുന്നത് പാവപ്പെട്ടവർക്ക് വേണ്ടി ചെയ്ത മൂന്നു  പദ്ധതികൾ ആണ് . ആദ്യത്തേത്  സോഷ്യൽ ജസ്റ്റിസ് സെക്രട്ടറി എന്ന നിലയിൽ എയ്ഡഡ് സ്കൂളിലും കോളേജിലും ഭിന്നശേഷിക്കാർക്കായി 1996 മുതൽ മൂന്ന് ശതമാനവും 2016 മുതൽ നാല് ശതമാനവും മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്ന് ഉത്തരവ്. പത്രങ്ങളുടെ ഏറ്റവും ലേറ്റസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ഇതിനകം 1202 ഭിന്നശേഷിക്കാർക്ക് ജോലി ലഭിച്ചു കഴിഞ്ഞു. ഏതാണ്ട് 3000-ത്തിലധികം പേർക്ക് ജോലിയും ലഭിക്കാനായി വാക്കൻസി റിപ്പോർട്ട് ചെയ്തു  എന്നാണ് മനസ്സിലാക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ ശൈലജ ടീച്ചറും മുഖ്യമന്ത്രി പിണറായി വിജയനും ഈ നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ  ഉത്തരവ് ഒരിക്കലും പുറത്തു വരികയില്ല. കാരുണ്യ ലോട്ടറിയും benevolent ഫണ്ടും ആണ് രണ്ടാമത്തേത്. അത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചെയ്യുന്നതിന് മുമ്പ് രണ്ട് ലക്ഷത്തി എൺപത്തിആറായിരം  പേർക്ക് ക്യാൻസർ, ഹൃദ്രോഗം, ബ്രെയിൻ ഇഞ്ചുറി, കിഡ്നി മാറ്റിവെക്കൽ തുടങ്ങിയവയ്ക്ക് ഏതാണ്ട് 1800 കോടിയിലധികം രൂപയുടെ ഈ പദ്ധതിയിലൂടെ സഹായം നൽകി. ഈ പദ്ധതി മന്ത്രി ഒരു പക്ഷേ  ശ്രീ    കെ എം മാണി  അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ അത് ഒരിക്കലും വെളിച്ചം കാണില്ലായിരുന്നു. അതുപോലെതന്നെ ശ്രീ ഉമ്മൻചാണ്ടിയുടെ മനസ്സിൽ ഉദിച്ച ബ്രാൻഡഡ്    മരുന്നുകളുടെ ഇന്ത്യയിലെ ഒരേ ഒരു ചെയിൻ ആയ കാരുണ്യ ഫാർമസി, വകുപ്പ് മന്ത്രി ആയ ശ്രീ അടൂർ പ്രകാശും  പ്രിൻസിപ്പൽ സെക്രട്ടറിയായ രാജീവ് സദാനന്ദനും അംഗീകരിച്ചു എന്ന് മാത്രമല്ല KMSCL ചെയർമാനായ രാജീവ് സാർ 10 കോടി രൂപ എന്നെ മാത്രം പൂർണമായും വിശ്വസിച്ചു നൽകിയിട്ട് ഇന്ത്യയിലെ ഏറ്റവും വിലകുറച്ച് ചർച്ചയിലൂടെ (negotiated  പ്രൈസ്)  മരുന്നു വാങ്ങി കൊണ്ടുവാ എന്ന് ഉത്തരവിട്ടത് കൊണ്ട് മാത്രമാണ് ഇന്ന് 85 പരം ശാഖകൾ ഉള്ള കാരുണ്യ  ഫാർമസി ചെയിനും  ഉണ്ടായത്. 

ഈ മൂന്ന് പദ്ധതികളെ കൂടാതെ മനസ്സിന് സംതൃപ്തി നൽകുന്ന പല പദ്ധതികളും നടപ്പാക്കാൻ നേതൃത്വം കൊടുക്കാനുള്ള ദൈവാധീനം ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് “ഓപ്പറേഷൻ അനന്ത”. ജിജി തോംസൺ എന്ന ചീഫ്  സെക്രട്ടറി നൽകിയ പൂർണ പിന്തുണയും ഡോ. കാർത്തികേയൻ എന്ന മിടുക്കനായ സബ് കളക്ടറുടെ നേതൃത്വത്തിൽ ഒട്ടനവധി വകുപ്പുകളിലെ ഉദ്യോഗസ്ഥർ രാപകലില്ലാതെ പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമാണ് ഓപ്പറേഷൻ അനന്ത  എന്ന പദ്ധതിയുടെ വിജയം.  യാതൊരു ഭയവും ഇല്ലാതെ 30 KM അധികം ദൂരത്തിലെ ഓടകൾ  കയ്യേറി കെട്ടിടം വെച്ചിരുന്നത് കണ്ടുപിടിക്കുകയും അത് വീണ്ടെടുക്കുകയും അവിടെ മൂന്ന് മീറ്ററിൽ അധികം വീതിയുള്ള ഓട യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിക്കുകയും ചെയ്തത് ഒരു വലിയ ടീം വർക്കിന്റെ ഭാഗമാണ്. ഓരോ ആഴ്ചയിലും ജിജിസാർ റിവ്യൂ ചെയ്യുകയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസർ വാസുകി അത് ചീഫ് സെക്രട്ടറയ്ക്കു വേണ്ടി മറ്റു വകുപ്പുകളുമായി കോർഡിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു . അതുകൊണ്ടുതന്നെ 2015-നു ശേഷം (ഓടയിൽ മാലിന്യങ്ങൾ ഇല്ലെങ്കിൽ) തമ്പാനൂരിലും കിഴക്കേകോട്ടയിലും  ഒരിക്കലും വെള്ളപ്പൊക്കം ഉണ്ടാകാറില്ല. തിരുവനന്തപുരത്തെ ശംഖുമുഖത്ത് ടേക്ക് എ  ബ്രേക്ക് അതായത് ശുചിമുറി  അതേപോലെ നിലനിർത്താതെ ഒരു കഫെറ്റീരിയയുടെ ഭാഗമായി സ്ഥാപിക്കുകയും അത് ഏറ്റവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന പദ്ധതി എന്ന ആശയം ഡിസൈൻ ചെയ്തു തന്നത് തിരുവനന്തപുരത്തെ ആർക്കിടെക് ആയ ശ്രീ സുധീർ ആണ്. ആ പദ്ധതിക്ക് അംഗീകാരം നൽകുകയും സംസ്ഥാനത്തുടനീളം മുപ്പതിൽ അധികം ടേക്ക് എ ബ്രേക്ക് ഔട്ട്ലെറ്റിന് അനുമതി നൽകുകയും ചെയ്തത് അന്നത്തെ ടൂറിസം മന്ത്രി ശ്രീ. എപി അനിൽകുമാറാണ്. ഇന്നത് 600-ൽപരം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത് പ്രധാനമായും തദ്ദേശ സ്വയംഭരണ സെക്രട്ടറി ശാരദ മാഡം ആണ്. തദ്ദേശ സെക്രട്ടറി എന്ന നിലയിൽ വ്യാപിക്കാൻ ഏകദേശം 8 മാസത്തോളം എന്റെ ശ്രമവും ഉണ്ടായി.  തിരുവനന്തപുരം വൃത്തികെട്ട ചുമരുകൾ ക്യാൻവാസ് ആയി മാറ്റിയ “ആർട്ടരിയ” പദ്ധതിക്കും അനുമതി നൽകുകയും ചെയ്തത്  അനിൽകുമാർ എന്ന  ടൂറിസം മന്ത്രി തന്നെയാണ്.  ഡോക്ടറായ ആർട്ടിസ്റ്റ് അജിത്കുമാറും DTPC സെക്രട്ടറി പ്രകാശും ആർട്ടിസ്റ്റ് BD ദത്തൻ സാറും ആണ് അതിന്റെ പിന്നിൽ രാപ്പകൽ പ്രവർത്തിച്ചത്. പിന്നീട് ടൂറിസം മന്ത്രിയായി വന്ന കടകംപള്ളി സുരേന്ദ്രൻ 2019-ൽ മെയിന്റെനൻസ് ഫണ്ട് അനുവദിച്ചതുകൊണ്ടാണ് ഇപ്പോഴും  അത് നിലനിക്കുന്നതു തന്നെ. ഒരാൾ പോലും അതിൽ പോസ്റ്റർ ഒട്ടിച്ചു വൃത്തികേടക്കാത്തത്  തിരുവന്തപുരത്തുകാരുടെ കലാസ്വാദനത്തിന്റെ പ്രതീകമാണ്.

കളക്ടർ ആയിരുന്ന കാലത്ത് ഞാൻ ഏറ്റവും  മുൻതൂക്കം കൊടുത്തിരുന്നത് ഭൂമി  ഏറ്റെടുക്കലിനാണ്. തിരുവനന്തപുരം കളക്ടർ ആയി ചാർജെടുക്കുമ്പോൾ ശ്രീ ശശി തരൂർ എംപി എന്നോട് പറഞ്ഞത് രണ്ടുവർഷത്തിനുള്ളിൽ കഴക്കൂട്ടം -മുക്കോല- കരോടു വരയുള്ള  40 കിലോമീറ്റർ നീളമുള്ള നാഷണൽ ഹൈവേയുടെ സ്ഥലത്തിന്റെ അടുത്ത സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാനും  പുതുതായി 16.5  കിലോമീറ്റർ ഏറ്റെടുക്കാനും  അതിനായി 425 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അത് രണ്ടു വർഷത്തിനുള്ളിൽ ചെയ്തു തീർത്തു തരണം എന്നുമാണ്. ഏതാണ്ട് ഒന്നര കൊല്ലത്തിനുള്ളിൽ ഇത് പൂർത്തിയാക്കി നാഷണൽ ഹൈവേ അതോറിറ്റി ഏൽപ്പിക്കാൻ സാധിച്ചു എന്നുള്ളത് കളക്ടറേറ്റിലെ എൻറെ സഹപ്രവർത്തകർക്ക് പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കും എന്ന് എന്നിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ്. ഇതുകൂടാതെ കരമന കളിയിക്കാവിള  റോഡ്  (ബാലരാമപുരം വരെ), ആക്കുളം റോഡ്, കുന്നുകുഴി റോഡ്,  ചിറയിൻകീഴ് കുലശേഖരം  തുടങ്ങിയ 14 സ്ഥലങ്ങളിലെ പാലങ്ങൾ അതിന്റെ അപ്പുറത്ത് റോഡ് തുടങ്ങിയവയുടെ സ്ഥലമെടുപ്പും  കളക്ടറായിരുന്ന രണ്ടര കൊല്ലം കൊണ്ട് പൂർത്തീകരിക്കാൻ സാധിച്ചത് ഈ ടീം വർക്കിന്റെ ഫലമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ടി    സ്ഥലതിന്റെ  (റിസ്സോർട്ട് ഒഴികെ) വില നിജപ്പെടുത്തിയത് അത്ര പ്രശമുള്ള കാര്യമല്ലായിരുന്നു. എന്നാൽ വള്ളക്കാരുടെയും കട്ടമരക്കാരുടെയും, കമ്പവലക്കാരുടെയും എന്തിന് ഞണ്ട് പിടിച്ചു ജീവിക്കുന്നു എന്ന് പറഞ്ഞവരുടെയും കമ്പൻസെഷൻ നിശ്ചയിച്ചത് ഒരു യജ്ഞം തന്നെ ആയിരുന്നു. തമിഴ്നാട്ടിൽ നിന്നും രാത്രിയിൽ കട്ടമരം കൊണ്ട് വന്നിരുന്ന ഒരു ലോബി തന്നെ അവിടെ പ്രവർത്തിച്ചിരുന്നു. സ്ഥലവുമായി ഒരു ബന്ധമിലാത്ത ഒട്ടേറെ പേർക്ക് ലക്ഷകണക്കിന് വാരിക്കോരി കൊടുക്കാൻ ചില റവന്യൂ ഉദ്യോഗസ്ഥർക്കും താൽപര്യമായിരുന്നു. എന്തായാലും 98% സ്ഥലവും പോർട്ടിന്  വേണ്ടി ഏറ്റെടുക്കാൻ സാധിച്ചു എന്ന് മാത്രമല്ല റിസോർട്ടുകളുടെ നിലവാരത്തിന് അനുസരിച്ച് വില നിശ്ചിയിക്കാൻ ഒരു പുതിയ ഫോർമുലയും ഉണ്ടാക്കിട്ടാണ് കളക്ടറേറ്റിൽ നിന്നും ഇറങ്ങിയത്.  മണ്ണ് കിട്ടാതെ കിടന്ന ദുർഘടമായ ആക്കുളം റോഡിൽ കളക്ടറേറ്റിൽ ഇരുന്ന കുന്നു ഇടിച്ചു  മണ്ണ് കൊണ്ടിട്ടത് ഒരു വിജിലൻസ് കേസ് ആക്കി എന്നെ കുടുക്കാൻ നോക്കിയത് കളക്ടറേറ്ററിലെ തന്നെ സുഹൃത്തുക്കളാണ്. ആക്കുളം റോഡിലെയും കളിയിക്കാവിള റോഡിലെയും വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാറ്റി പുതിയതിടാൻ എവിടെ നിന്നോ പണം കൊണ്ട് വന്നതും ഇട്ടതും അന്നത്തെ KWA എംഡി ആയ അജിത് പാട്ടിൽ ആണ്.സെക്രട്ടറിയേറ്റ് അനക്സിന് സമീപമുള്ള 39 സെനറ്റ് സ്ഥലവും വീടും ഏറ്റെടുക്കാനുള്ള പ്രപ്പോസൽ എന്ന് ഗവൺമെന്റിന് നൽകിയെങ്കിലും ഈ അടുത്തകാലത്ത് മാത്രമാണ് അത് ഗവൺമെന്റ് ഏറ്റെടുത്തത്. നഗരത്തിന്റെ കണ്ണായ ഭാഗത്ത് 50 സെനറ്റ് സ്ഥലവും വർക്കലയിൽ അനധികൃതമായി ഉദ്യോഗസ്ഥ സഹായത്തോടെ മിച്ചഭൂമി ആക്കാതെ 15 ഏക്കർ സ്ഥലവും ഏറ്റെടുത്തത് ഈ കലയളവിലാണ്. 2015-ൽ നാഷണൽ ഗെയിംസിന്റെ 14 ഇനം 12 വേദികളിലായി സംഘടിപ്പിച്ചത് 1000 ചെറുപ്പക്കാരായ വോളണ്ടിയർമാരുടെ സഹായത്തിലാണ്.   പറഞ്ഞാൽ തീരില്ല ഈ പദ്ധതികളുടെ ഒക്കെ പിറകിൽ പ്രവർത്തിച്ചവരുടെ നിരവധി ഉദ്യോഗസ്ഥരുടെ പേരുകൾ. 

ചെയ്ത പദ്ധതികളുടെ എല്ലാം പിതൃത്വവും ഏറ്റെടുത്തു അവാർഡ് വാങ്ങാൻ ഒരിടത്തും അപേക്ഷ  ഇന്ന് വരെ കൊടുത്തിട്ടില്ല.  എന്റെ മുകളിൽ ഇരിക്കുന്നവർ  അംഗീകരിച്ചതുകൊണ്ടും എന്റെ സഹപ്രവർത്തകരുടെ ടീം വർക്ക് കൊണ്ടും മാത്രമാണ്  അവ നടപ്പാക്കാനായത് .  മുൻപ് പേരുദോഷം കേട്ടിട്ടുള്ളത് കൊണ്ട് എന്നെ വിശ്വസിച്ചു IAS വരെ എത്തിച്ചവർ നീ എന്ത് ചെയ്തു എന്ന് ചോദിച്ചാൽ പറയാനായി വേണ്ടി മാത്രമാണ് ഞാൻ ഇതൊക്കെ ഇവിടെ കുറിക്കുന്നത്.  (പദ്ധതികളെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾ കൂടാതെ എന്റെ ഫോട്ടോകളും പെയിന്റിങ്ങും എന്റെ വെബ്സൈറ്റ് ആയ www .bijuprabhakar.com ൽ ഉണ്ട്) 

ആഗ്രഹിച്ചിടത്ത് എത്തിച്ച ദൈവത്തിനു നന്ദി പറയേണ്ടത്, സ്വാമി വിവേകാനന്ദൻ ഉപദേശിച്ചത് പോലെ  “service to mankind is service to God” എന്ന  ആപ്തവാക്യം നടപ്പാക്കി കൊണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. കളക്ടർ ആയിരുന്നപ്പോൾ  സംസ്ഥാന ശിശു ക്ഷേമ സമിതിയിൽ തിരുവനന്തപുരത്തെ രാജാജി നഗറിലെയും, പൗണ്ട് കൊളോണിയിലെയും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും പഠനത്തിനും  വേണ്ടി ആരംഭിച്ച “പുനർജനി” എന്ന പദ്ധതി എന്റെ അടുത്ത സുഹൃത്തുക്കൾ ആ കുട്ടികളുടെ തന്നെ ഭാവിയെ കരുതി — പ്രത്യേകിച്ച് കളക്ടർ സ്ഥാനം ഒഴിയുമ്പോൾ പദ്ധതി നിന്നു പോകരുത് എന്ന് കരുതി — ഒരു ട്രസ്റ്റ്  രൂപീകരിച്ചു ഇന്നും തുടർന്നു വരുന്നു. ഇതിനകം 60-ലധികം കുട്ടികളെ പഠിപ്പിക്കാനും അവരുടെ സ്വഭാവരൂപീകരണത്തിന് പങ്കുവഹിക്കാനും അവരുടെ നൈസർഗിക കഴിവുകളെ പ്രചോദിപ്പിക്കാനും സാധിച്ചിട്ടുണ്ട്. മിടുക്കന്മാരായ ചില കുട്ടികൾ മെഡിക്കൽ കോളേജിലും മറ്റു ഉന്നത പഠനത്തിനും അർഹത നേടിയിട്ടുണ്ട്. എന്റെയും സുഹൃത്തുക്കളുടെയും ശമ്പളത്തിൽ നിന്നും പ്രധാന സ്പോൺസർമാരായ യുഎസ് ടെക്നോളജിയിലെ സുഹൃത്തുക്കളുടെയും മാത്രം സംഭാവനകൊണ്ടു  മുന്നോട്ടുപോകുന്ന ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ഇനി സമയം കിട്ടും. വിദ്യാഭ്യാസ – ആരോഗ്യ – സാമൂഹ്യനീതി -വനിതാ ശിശു വികസനം എന്നീ വകുപ്പിൽ പ്രവർത്തിച്ചത് മൂലം കതിരിൽ  വളം വയ്ക്കുന്നതിന് പകരം കുട്ടികൾക്കു  ഏറ്റവും ചെറുപ്പത്തിൽ തന്നെ ആരോഗ്യത്തിനും സ്വഭാവരൂപീകരണത്തിനും പ്രാമുഖ്യം നൽകണമെന്ന്  മനസ്സിലായതിനാൽ ട്രസ്റ്റ് ഇപ്പോൾ  ഒരു അംഗൻവാടിയിലെ കുരുന്നുകളുടെ മാനസിക ശാരീരിക വളർച്ചക്കു ഉതകുന്ന രീതിയിൽ ഒരു പദ്ധതി നടപ്പാക്കാനും  ഒരു അംഗൻവാടി അതിനായി സ്പോൺസർഷിപ്പിൽ ഏറ്റെടുക്കാൻ തയാറാണ് എന്ന് വനിതാ ശിശു വകുപ്പിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയായ  പിണറായി വിജയൻ അവർകൾ എനിക്ക് തന്ന ഏറ്റവും നല്ല അവസരവും പിന്തുണയും കൊണ്ട്  ഞാൻ ഏറെ നാളായി ആഗ്രഹിച്ചിരുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന കേരളീയരുടെ ഇഷ്ട സ്ഥാപനത്തിന്റെ സിഎംഡിയായി മൂന്ന് കൊല്ലവും എട്ടുമാസവും പ്രവർത്തിക്കാൻ കഴിഞ്ഞു. എന്റെ പ്രവർത്തനം മികച്ചതാണോ ഇല്ലയോ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അദ്ദേഹം പിന്നെ അതിനെക്കാളും വലിയ സാധ്യതകളും കേരളത്തിലെ എല്ലാ ജനങ്ങളെയും സ്പർശിക്കുന്ന കെഎസ്ഇബി എന്ന സ്ഥാപനത്തിന്റെ സിഎംഡി ആക്കിയത് കെഎസ്ആർടിസിയിലെ എന്റെ പ്രവർത്തനം തരക്കേടില്ല എന്നതുകൊണ്ടാണ് ഞാൻ വിശ്വസിക്കുന്നു. ഈ രണ്ടു സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്നത് കൊണ്ടും കേരളത്തിലെ ഏറെക്കുറെ എല്ലാ വ്യവസായ സ്ഥാപനങ്ങളെ കുറിച്ചും പഠിച്ചിട്ടുള്ളത് കൊണ്ടും ഏതാണ്ട് പത്തുവർഷക്കാലം പ്ലാൻ മാനേജറായും ഫാക്ടറീസ് ഡിപ്പാർട്ട്മെൻറ് കെമിക്കൽ സേഫ്റ്റി ഹെഡ് ആയും പിന്നീട് ഇൻഡസ്ട്രി സെക്രട്ടറിയായും  പ്രവർത്തിച്ചത് കൊണ്ട് കേരളത്തിലെ ഏത് വ്യവസായ സ്ഥാപനവും ടേൺ എറൗണ്ട് ചെയ്യാം എന്ന ഒരു ആത്മവിശ്വാസം ഇപ്പോൾ ഉണ്ട്. ഈ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തി ഒരു ടേൺഎറൗണ്ട് സ്ട്രാറ്റജിസ്റ്  എന്ന നിലയിൽ പ്രവർത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്.  ഫോട്ടോഗ്രാഫിയിലും പെയിന്റിങ്ങുകളിലും ഇനി കൂടതൽ ശ്രദ്ധിക്കണം. രണ്ടു പ്രാവശ്യം രണ്ടു യൂണിവേഴ്സിറ്റിയിൽ തുടങ്ങുകയും ജോലി തിരക്ക് കാരണം മുടങ്ങി പോയതുമായ PhD  തീർക്കാൻ പറ്റുമോ എന്ന് നോക്കണം. എന്തായാലും  സർവ്വേശ്വരൻ അനുവദിക്കുന്ന കാലത്തോളം വിശ്രമമില്ലാതെ ഇനിയും ജോലി ചെയ്യണമെന്നും സമൂഹ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും ആണ് ആഗ്രഹം. എന്തായാലും ജനങ്ങളുടെ ഇടയിൽ സമൂഹനന്മയ്ക്കായി ഇനിയും പ്രവർത്തിക്കും.  അങ്ങനെ ഒരു നീണ്ട ലിസ്റ് കൈയിൽ ഉണ്ട്. എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ കാലത്തും മികച്ച പിന്തുണ നൽകിയ  എന്റെ ഭാര്യ റീനക്കും എന്റെ മക്കൾക്കും   നന്ദി. എന്റെ ജോലിയോടുള്ള കൂറ് കാരണം അവരാണ്  ഏറ്റവും വലിയ വിട്ടു വീഴ്ച എനിക്ക് വേണ്ടി ചെയ്തത് .  എന്നെ പഠിപ്പിച്ച ഗുരുക്കന്മാരോട് നന്ദി. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫ. ശങ്കരൻസാറിനെയും ജ്യോതി ടീച്ചറിനെയും പ്രിൻസിപ്പൽ ലബ്ബ സാറിനെയും മറക്കാൻ കഴിയില്ല. എന്നെ നാലുകൊല്ലം നിരീശ്വര വാദിയാക്കുകയും മതം, ദൈവം എന്ന കാര്യങ്ങളിൽ റാഷണൽ ആയി ചിന്തിക്കാൻ എന്നെ പ്രാപ്തനാക്കിയ മന്നം മെമ്മോറിയൽ സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ ചന്ദ്രശേഖരൻ സാർ നൽകിയ മനകരുത്താണ് പ്രതിസന്ധി ഘട്ടങ്ങളിലും എന്നെ മുന്നോട്ടു പോകാൻ പ്രാപ്തനാക്കിയത്.  ഇങ്ങനെ ജാതി മത ഭേദം അന്യേ വളരെയധികം മഹത് വ്യക്തികളും ദൈവവും സഹായിച്ചത് കൊണ്ടാണ് ഇന്ന് മാന്യമായി വിരമിക്കാൻ സാധിക്കുന്നത്.

ഇനിയും കാണാം. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. 

                                      എന്ന്

                                           സസ്നേഹം

29 ഏപ്രിൽ 2025                                  ബിജു പ്രഭാകർ