A Tale of Two Villages

My Works

A Tale of Two Villages : MANORAMA TRAVELLER JUNE 2021
Text|Photo Biju Prabhakar IAS

2018 നവംബറിലെ ഒരു ഉച്ച സമയത്താണ് രാജസ്ഥാൻ നിയമസഭാ ഇലക്ഷനിൽ നിരീക്ഷകനായിജോധ്പുർ വിമാനത്താവളത്തിൽ എത്തിയത്. ഔദ്യോഗിക ചുമതലുകളുമായി ഇന്ത്യയുടെ എല്ലാ ഭാഗത്തും യാത്ര ചെയ്തിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പു നിരീക്ഷകനായിട്ടുള്ള യാത്ര അൽപം വേറിട്ടതാണ്. മൂന്നാഴ്ചയോ ഒരുമാസമോ നീളുന്നതാണ് പലപ്പോഴും നിരീക്ഷകന്റെ ജോലി. ചുമതലകളും ഉത്തരവാദിത്തങ്ങളും കുറവൊന്നുമല്ലെങ്കിലും ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനും നാട്ടിൻപുറങ്ങളിലെ നൻമയുള്ള ജീവിതം നേരിട്ടറിയാനും അവസരം കിട്ടുമെന്നതാണ് അതിന്റെ ആകർഷണം.

മരക്കൊമ്പുകളിൽ വെള്ളം

ജോധ്പുർ ജില്ലയിലെ ഫലോദി നിയമസഭാ മണ്ഡലത്തിലെ നിരീക്ഷകനായിട്ടാണ് യാത്ര. ജയ്പുർ ഇന്ത്യയുടെ പിങ്ക് നഗരമാണെങ്കിൽ ജോധ്പുരിന്റെ പ്രശസ്തി ‘നീലനഗരം’ എന്നാണ്. സൺ സിറ്റി എന്നൊരു വിശേഷണവും ജോധ്പുരിനുണ്ട്. നഗരത്തിൽ എവിടെ നിന്നു നോക്കിയാലും കാണാൻ പാകത്തിലുള്ള മെഹ്‌റാഗഡ് കോട്ടയുടെ സമീപത്തെ പുരാതന ബ്രാഹ്മണ ഗൃഹങ്ങളാണ് ഇൻഡിഗോ നീല നിറത്തിൽ കാണപ്പെടുന്നത്. വർഷം മുഴുവൻ സൂര്യപ്രകാശം ലഭിക്കുന്ന ജോധ്പുരിലെ കെട്ടിടങ്ങൾക്ക് നീലച്ചായം അടിക്കാനുള്ള കാരണങ്ങൾ പലതും പറയാറുണ്ടെങ്കിലും ചൂടു കുറയ്ക്കുക എന്ന ലക്ഷ്യമാണ് യുക്തിസഹം എന്നു തോന്നുന്നു.
ആ സമയത്ത് ഞാൻ ഫൊട്ടോഗ്രഫിയെ ഒഴിവുസമയ വിനോദം എന്നതിനെക്കാൾ ഗൗരവത്തോടെ സ്വീകരിച്ചിട്ട് അധികകാലം ആയിട്ടില്ല. ക്യാമറക്കണ്ണിലൂടെ പരിസരം കാണാൻ തുടങ്ങിയതോടെ പ്രകൃതിയോടും പക്ഷിമൃഗാദികളോടുമുള്ള കാഴ്ചപ്പാടുതന്നെ മാറി. അവയുടെ വർണവൈവിധ്യ ലോകത്തെ കലാസ്വാദകന്റെ മനസ്സോടെ കണ്ടു തുടങ്ങിയത് ആ ചുരുങ്ങിയ സമയത്തിലാണ്. ജോധ്പുരിലെ സർക്യൂട് ഹൗസില്‍ എത്തിയ ഉടനെ ആ പരിസരത്തെ മിക്കവാറും എല്ലാ മരങ്ങളിലും പക്ഷികൾക്കു വെള്ളവും ഭക്ഷണവും വച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ജലദൗർലഭ്യമുള്ള ജോധ്പുരിലെയും സമീപ ജില്ലകളിലെയും ജനങ്ങൾ തങ്ങളുടെ വീടുകളിലും വീടിനു സമീപമുള്ള വൃക്ഷങ്ങളിലും പക്ഷികൾക്ക് പാത്രത്തിൽ വെള്ളവും ആഹാരവും വെയ്ക്കാറുണ്ട് എന്ന് രാജസ്ഥാൻകാരനായ ഗൺമാൻ വിശദീകരിച്ചു. ആ പറഞ്ഞതു സത്യമായിരുന്നു എന്ന് തുടർന്നുള്ള ദിവസങ്ങളിലെ യാത്രകളിൽ ബോധ്യമായി. ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു ആ നാടിന്റെ നൻമ.

ഫലോദിയിലേക്ക്

ജോധ്പുരിൽ നിന്ന് ഉദ്ദേശം 150 കിലോ മീറ്റർ ദൂരമുണ്ട് എന്റെ നിയോജകമണ്ഡലമായ ഫലോദിയിലേക്ക്. താർ മരുഭൂമിക്കും സമീപമുള്ള ചെറിയ നഗരം. താമസത്തിനും ഭക്ഷണത്തിനുമുള്ള പരിമിതികൾ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെ നിരീക്ഷകർക്കും ജോധ്പുർ സർക്യൂട് ഹൗസിലാണ് താമസം ഏർപ്പെടുത്തിയിരുന്നത്. അതുകൊണ്ട് ദിവസവും രണ്ടര മണിക്കൂർ യാത്ര ചെയ്തു വേണം മണ്ഡലത്തിൽ എത്താൻ.
ഇന്റർനെറ്റിൽ പരതിയപ്പോൾ ഫലോദിയിലെ ഖീചൻ പക്ഷി സങ്കേതം എന്ന ബേഡ് സാങ്ചുറിയെപ്പറ്റി വായിച്ചിരുന്നു. അതിനെപ്പറ്റി സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോൾ പലർക്കും കാര്യമായ അറിവില്ല. ടൗണിൽ നിന്ന് 6 കിലോ മീറ്റർ അകലെ ഖിചൻ എന്ന ഗ്രാമമുണ്ട്. ഗ്രാമത്തിൽ 4 ചെറു തടാകങ്ങളുണ്ട്. അതിന്റെ തീരത്ത് ഒട്ടേറെ ദേശാടനപക്ഷികൾ എത്താറുണ്ട്. അതല്ലാതെ ഒരു സാങ്ചുറി എന്ന രീതിയിൽ ഒന്നുമില്ലത്രേ. പക്ഷികളെ കാണാനും എന്താണ് ഈ ‘സാങ്ചുറി’ എന്നറിയാനുള്ള കൗതുകത്തോടെയും സമയം ഒത്തു വന്നപ്പോൾ ഖിചനിലേക്കു ചെന്നു. അവിടുത്തെ പക്ഷികളുടെ കാഴ്ചകളോളം തന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു ആ ഗ്രാമത്തിന്റെ കഥ.

ഖീചൻ പക്ഷിഗ്രാമമായ കഥ

ഖീചനിലേക്കു പ്രവേശിച്ചപ്പോൾ കേട്ടതൊക്കെ ശരിയാണെന്നു തോന്നി. ഒരു പക്ഷിസങ്കേതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും അവിടെ കണ്ടില്ല. കാടുകളില്ല, വലിയ വൃക്ഷങ്ങൾ ഇല്ല, വരണ്ടുണങ്ങിയ മണലും കുറ്റിച്ചെടികളും മുൾച്ചെടികളും മാത്രം. ഇവിടേക്ക് ദേശാടനക്കിളികൾ വന്നു തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല… കഷ്ടിച്ച് അരനൂറ്റാണ്ട്. അതിനു പിന്നിൽ ഏതാനും മനുഷ്യരുടെ സമർപണമുണ്ട്. ഖീചൻ ഗ്രാമത്തെ ദേശാടനക്കിളികളുടെ ഭൂപടത്തിൽ ചേർത്തത് രത്തൻലാൽ മാലൂ എന്ന ഗ്രാമീണന്റെ പ്രവൃത്തികളാണത്രേ. 1970കളിൽ ഒഡിഷയിൽ ജോലി സമ്പാദിച്ചു പോയ രത്തൻലാലിനെയും ഭാര്യയേയും അമ്മാവൻ തിരികെ വിളിച്ചു. അവർക്കു സ്വന്തം ഗ്രാമമായ ഖീചനിൽ തന്നെ ജോലി നൽകി. ഗ്രാമത്തിലെ പക്ഷികൾക്കും ചെറു ജീവികൾക്കും ആഹാരം നൽകുക, അതാണ് അമ്മാവൻ നിർദേശിച്ച ജോലി. ജൈനവിശ്വാസികളായ അവർ സഹജീവികളെ സംരക്ഷിക്കുക എന്നത് ഏറെ പവിത്രമായിട്ടാണ് കാണുന്നത്. രത്തൻലാൽ മാലുവും ഭാര്യയും മടങ്ങിയെത്തി, അമ്മാവന്റെ നിർദേശം ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും നിർവഹിച്ചു. 70കളുടെ പകുതിയിൽ തന്നെ നാടൻ പക്ഷികൾക്കൊപ്പം വിദേശത്തുനിന്ന് വരുന്ന വിരുന്നുകാരും ആ ഗ്രാമത്തിലേക്കു എത്തി. തുടർന്ന് ഓരോ വർഷവും ഇവയുടെ എണ്ണം വർധിച്ചു. ഇന്ന് ഉദ്ദേശം 20000 ദേശാടനക്കിളികൾ ഖീചനിൽ എത്തുന്നുണ്ട്.
ഖീചനിൽ എത്തുന്ന ദേശാടനക്കിളികൾ ഏറെയും ചൈനയിലേയും മംഗോളിയയിലേയും സൈബീരിയയിലേയും തണുത്ത പ്രദേശങ്ങളിൽ നിന്നുള്ളവയാണ്. അവയിൽ ഏറ്റവും പ്രധാനം കൊക്കുകളുടെ വിഭാഗത്തിൽ പെട്ട ഡിമോയ്സൽ ക്രെയ്നുകളാണ്. അവ ജോധ്പുർ ജില്ലയുടെ മറ്റു പല ഭാഗത്തും ഉദയ്പുർ ജില്ലയിലും എത്തുന്നുണ്ടെങ്കിലും ഡിമോയ്സൽ ക്രെയ്നുകളുടെ വലിയ കൂട്ടത്തെ കാണുന്നത് ഇവിടെ മാത്രമാണ്.

ചുഗ്ഗ ഘർ

ഭക്ഷണത്തിനായി നിത്യവും ഗ്രാമത്തിലെത്തുന്ന പക്ഷികളുടെ എണ്ണം കൂടിയപ്പോൾ തെരുവു നായ്ക്കളുടെ എണ്ണവും വർധിച്ചു. പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ രത്തൻ ലാലിന്റെ അഭ്യർഥന മാനിച്ച് ഗ്രാമ പഞ്ചായത്ത് അൽപം ഭൂമി പക്ഷികളെ തീറ്റാൻ വിട്ടുകൊടുത്തു. അവിടെ ആറടി ഉയരത്തിലുള്ള വേലി കെട്ടി. പക്ഷികൾക്കു തീറ്റ നൽകുന്നത് അതിനുള്ളിലായി. ചുഗ്ഗ ഘർ എന്നു വിളിക്കുന്ന ഈ ഫീഡിങ് സെന്റർ ഇപ്പോൾ വലിയൊരു കാഴ്ചയാണ്.
ഓഗസ്റ്റ് മുതൽ മാർച്ചു വരെയാണ് ഇവിടെ പക്ഷികൾ കൂടുതലായി എത്തുന്നത്. നവംബർ മുതൽ ഫെബ്രുവരിവരെയാണ് പീക്ക് സീസൺ. 12000 പേർ മാത്രം വസിക്കുന്ന ഖീചനിൽ അതിന്റെ ഇരട്ടി പക്ഷികൾ എത്തുന്നതിനു കാരണം രത്തൻലാലും ഗ്രാമീണരും ജൈനസമൂഹവുമാണ്. വർഷം തോറും കോടിക്കണക്കിനു രൂപ പക്ഷികളുടെ തീറ്റയ്ക്കായി ഇവർ ചെലവിടുന്നുവെന്ന് എന്റെ ഒപ്പമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. ഫലോദിയിലെ കൃഷിക്കാരും കച്ചവടക്കാരും ധാന്യവും പണവും നൽകി രത്തൻലാലിനെ സഹായിക്കും. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ജൈനസമൂഹവും പക്ഷിപ്രേമികളും ഖീചനെപ്പറ്റി കണ്ടും കേട്ടും അറിഞ്ഞ് സംഭാവന നൽകുന്നുണ്ട്. പീക്ക് സീസണിൽ 3 മുതൽ 5 ടൺ ധാന്യം വരെ പക്ഷികൾക്ക് ആവശ്യമായി വരും.ഇന്ന് രത്തൻലാൽ ഇല്ല. എങ്കിലും ഖീചനിൽ എത്തുന്ന പക്ഷികൾക്കു കുറവൊന്നുമില്ല. ശ്രീജെയിൻ സംസ്ഥാനും മറ്റു ചില ട്രസ്‌റ്റുകളും ചേർന്ന് പക്ഷികളെ ഊട്ടുന്ന ഉദ്യമം തുടരുന്നു. ‘പക്ഷിപ്രേമി’ എന്നു സ്വയം പരിചയപ്പെടുത്തിയ ഗ്രാമീണൻ സേവാരാം മാലിയാണ് നേതൃത്വം നൽകുന്നത്. രത്തൻലാലിനെപ്പോലെ ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ചുഗ്ഗ ഘറിലെ കാഴ്ച കാണാൻ തന്റെ വീടിന്റെ മട്ടുപ്പാവിലേക്ക് ഞങ്ങളെ ക്ഷണിച്ചു.പ്രഭാതത്തിലും സായാഹ്നത്തിലും ചുഗ്ഗ ഘറിൽ പക്ഷികൾക്കു ഭക്ഷണം വിളമ്പും. ആ സമയത്ത് ഡിമൊയ്സൽ ക്രെയ്നുകളും മറ്റു പക്ഷികളും ആകാശത്ത് ചുഗ്ഗ ഘറിനെ വട്ടമിട്ടു പറന്നശേഷം കൂട്ടത്തോടെ താഴേക്ക് ഇറങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ഏതൊരു പ്രകൃതിസ്നേഹിയേയും ആനന്ദത്തിൽ ആറാടിക്കും ആ കാഴ്ച. ആ സമയത്ത് സേവാരാമിന്റെ മട്ടുപ്പാവിൽ ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ളവരും വിദേശികളുമായ സഞ്ചാരികളും പക്ഷിസ്നേഹികളും തടിച്ചു കൂടും.ജോധ്പുർ, ജയ്സൽമേർ ജില്ലകളിൽ കണ്ട അദ്ഭുതപ്പെടുത്തുന്ന കാഴ്ച മാനുകളും കൃഷ്ണമൃഗങ്ങളുമാണ്. നാട്ടിൽ ആടുകളും പശുക്കളും തെരുവുകളിൽ അലയുന്നതുപോലെയാണ് അവിടെ അമ്പലങ്ങളുടെ പരിസരങ്ങളിലും മറ്റും ആൾക്കൂട്ടത്തിനിടയിലൂടെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുന്ന കൃഷ്ണമൃഗങ്ങൾ. വിശക്കുന്നവന് ആഹാരം നൽകുന്നതും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും നൽകുന്നതും മനുഷ്യജീവിതത്തിൽ മോക്ഷം കിട്ടാൻ അത്യന്താപേക്ഷിതമാണെന്നു വിശ്വസിക്കുന്ന ജൈനരും ബിഷ്ണോയി സമുദായവുമാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും.

ഫലോദി സട്ട

ഫലോദിയെപ്പറ്റി പറയുമ്പോൾ രസകരമായ ഒന്നാണ് ഫലോദി സട്ട. ‘സട്ട’ എന്ന വാക്കിന് അർഥം ചൂതാട്ടം എന്നാണ്. അവർ എന്തിനെപ്പറ്റിയും വാതുവയ്ക്കും. തെരഞ്ഞെടുപ്പ് കാലത്ത് വാതുവയ്പ് അതിന്റെ പാരമ്യത്തിലെത്തും. തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഫലോദിയിലെ സട്ട മാർക്കറ്റ് ഫലങ്ങൾ ഏറെക്കുറേ കൃത്യമാണെന്നാണ് വയ്പ്. അതിനാൽ രാജസ്ഥാനിലെ മാത്രമല്ല സമീപസംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർ പോലും ഫലോദി സട്ടയിലേക്ക് ഉറ്റുനോക്കും. ഒരു ദിവസം ഞാൻ എന്റെ ഓഫിസിലെ ഉദ്യോഗസ്ഥനായ ഗോപാൽ തൻവിയോട് സട്ട മാർക്കറ്റിൽ അന്നത്തെ പന്തയം എന്തിനെപ്പറ്റിയാകും എന്നു തിരക്കി. ഗോപാൽ വഴിയെ നടന്നു പോകുന്ന പശുവിനെ ചൂണ്ടി പറഞ്ഞു ‘10 മിനിറ്റു ശേഷം ആ പശു റോഡിന്റെ ഇടതു വശം ചേർന്നു നടക്കുമോ അതോ വലതുവശം ചേർന്നു നടക്കുമോ, അതുപോലും ഇവിടെ പന്തയത്തിനു കാരണമാകും.’ ഭൂമിയുടെ താഴെയുള്ള ഏതു വിഷയത്തിലും വാതുവയ്പ് ഉള്ളതുപോലെ ലോകമെമ്പാടുമുള്ള രാജസ്ഥാൻകാർ ഫലോദി സട്ടയിൽ വാതുവയ്ക്കാനും ഉണ്ട്. ‌മൃഗങ്ങളേയും പക്ഷികളേയും സഹജീവികളെപ്പോലെ സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന ഗ്രാമീണർ ഫലോദിയിലെ ഔദ്യോഗിക കൃത്യങ്ങളുടെ വിരസതയകറ്റി.

തമിഴ്നാട്ടിലെ ‘ഫലോദി’

ഫലോദി പോലെ നൻമ നിറഞ്ഞവരുടെ ഒരു ഗ്രാമം തെക്കേ ഇന്ത്യയിലുണ്ട്. തമിഴ്നാട്ടിലെ കൂന്തൻകുളം. ദേശീയപാതയിൽ തിരുനെൽവേലി ടൗൺ എത്തുന്നതിനു മുൻപ് വലത്തോട്ട് തിരിഞ്ഞ് മുക്കാൽ മണിക്കൂർ സഞ്ചരിച്ചാൽ മതി ഈ ഗ്രാമത്തിലെത്താൻ. ഗ്രാമത്തിന്റെ പല ഭാഗത്തും ചെറിയ തടാകങ്ങൾ കാണാം, അവയുടെ സമീപത്തുള്ള മരങ്ങളിൽ ഇരിക്കുന്നതും തടാകത്തിൽ നീന്തിത്തുടിക്കുന്നതുമായ പക്ഷികളുടെ വൈവിധ്യം ഒറ്റനോട്ടത്തിൽ എണ്ണി തീർക്കാനാവില്ല.ബാൽപാണ്ഡി എന്ന ഗ്രാമീണനാണ് കൂന്തൻകുളത്തിന്റെ രത്തൻലാൽ. ചെറുപ്പത്തിലേ പക്ഷികളുടെ സംരക്ഷണത്തിൽ ആകൃഷ്ടനായിരുന്ന ബാൽപാണ്ഡി ഒരിക്കൽ ഇന്ത്യയിലെ പ്രശസ്ത ഓർണിതോളജിസ്റ്റായ സലിം അലിയെ കണ്ടു. പക്ഷികളെപ്പറ്റിയും അവയുടെ ജീവിതരീതികളെപ്പറ്റിയും ആഴത്തിൽ മനസ്സിലാക്കിയ ബാൽപാണ്ഡി ഭാര്യയുടെ പ്രേരണകൂടി കണക്കിലെടുത്ത് ഗുജറാത്തിലെ തൊഴിൽ ഉപേക്ഷിച്ച് കൂന്തൻകുളത്ത് മടങ്ങി. അവിടെ ഭാര്യ വള്ളിത്തായിക്കൊപ്പം പ്രകൃതിസംരക്ഷകനായും ഗൈഡായും പ്രവർത്തിക്കുന്നതിനൊപ്പം വരണ്ട ഭൂമിയിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. 1988 ൽ വനംവകുപ്പ് ബാൽപാണ്ഡിക്ക് താൽക്കാലിക പക്ഷി നിരീക്ഷകനായി ജോലി നൽകി. ഞാൻ മൂന്നു തവണ കൂന്തൻകുളം സന്ദർശിച്ചപ്പോഴും പക്ഷികളെ കണ്ടറിഞ്ഞ് ചിത്രം പകർത്താൻ ബാൽപാണ്ഡി കൂടെ വന്നത് സഹായകമായിരുന്നു. ഫലോദിയിലെപ്പോലെ ഇവിടെ പ്രത്യേകിച്ച് ഒരു സീസൺ പറയാനില്ല. എല്ലാ മാസവും ഏതെങ്കിലും ഇനം ദേശാടനക്കിളി ഇവിടെ കാണും. അവ പക്ഷി സങ്കേതത്തിൽ മാത്രമല്ല കാണുന്നത്, ഗ്രാമത്തിന്റെ പല ഭാഗങ്ങളിൽ ഇവയെ കാണാം. ഏതൊക്കെ പക്ഷി എവിടൊക്കെ കാണും എന്ന് അറിയാവുന്ന ഒരാളേ കാണൂ, ബാൽപാണ്ഡി.ഫ്ലെമിങ്ഗോകളും പെലിക്കനുമാണ് കൂന്തൻകുളത്തിന്റെ ‘ഹൈലൈറ്റ്’. ഫ്ലെമിങ്ഗോകളെ ടെന്റനികത്ത് ഇരുന്ന് ഇത്രയേറെ അടുത്ത് കാണാൻ സാധിക്കുന്ന മറ്റൊരിടം ഇല്ല. 2019 മാർച്ചിൽ കൂന്തൻകുളത്ത് 300 ലേറെ ഫ്ലെമിങ്ഗോകളെയാണ് കാണാന്‍ സാധിച്ചത്.രാജസ്ഥാനിൽ കണ്ടതിൽ കൂടുതൽ പെലിക്കനുകളെ കണ്ടതും കൂന്തൻകുളത്താണ്. അവ ഗ്രാമത്തിൽ എത്തിയാൽ മുട്ടയിട്ട്, അടയിരുന്ന് അതു വിരിഞ്ഞ്, കുട്ടികൾ പറക്കാനുള്ള ശേഷി കൈവരിക്കുമ്പോഴേ മടങ്ങിപ്പോകൂ. താഴെ വീഴുന്ന മുട്ടകളേയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും പരിചരിച്ച് ബാൽപാണ്ഡിയും ഇക്കാലമത്രയും അവയ്ക്കൊപ്പം ഉണ്ടാകും. ഒക്ടോബറിൽ കണ്ടത്ര പെലിക്കനുകളെ മാർച്ചിലും മേയിലും പോയപ്പോൾ കണ്ടില്ല. പെലിക്കനുകളും ഫ്ലെമിങ്ഗോകളും വെള്ളത്തിൽ നിന്നു പറന്നുയരുന്നതും വെള്ളത്തിലേക്ക് ഇറങ്ങുന്നതും മനോഹരമായ കാഴ്ചയാണ്. നമ്മുടെ താറാവുകൾക്ക് വരയിട്ടാൽ എങ്ങനെയുണ്ടാകുമോ അതുപോലുള്ള ബാർ ഹെഡഡ് ഗൂസ് എന്ന അരയന്നമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ പക്ഷി ഇനങ്ങളെയും ഈ കൊച്ചു ഗ്രാമത്തിൽ കാണാം.

ഗ്രാമീണ നൻമ

ഫലോദിയിലെപ്പോലെ ഒരു ഗ്രാമത്തിന്റെ നൻമയാണ് കൂന്തൻകുളത്തും പക്ഷികളെത്താൻ കാരണം. ഏതാനും മരക്കൂട്ടങ്ങൾ ഉണ്ടായാൽ പക്ഷികൾ എത്തില്ല. പക്ഷികളെ ഏറെ ആകർഷിക്കുന്ന തടാകങ്ങളും കാടുകളും കണ്ടൽക്കാടുകളും ഉണ്ടായിട്ടും കേരളത്തിൽ ഇത്തരം കാഴ്ചകൾ അപൂർവമാകുന്നത് എന്തുകൊണ്ടാണ്? തമിഴർ ഏറെ ആവേശത്തോടെ ആഘോഷിക്കുന്ന ദീപാവലിക്കു പോലും കൂന്തൻകുളത്തുകാർ പടക്കം പൊട്ടിക്കാറില്ല. പക്ഷികളോടുള്ള കരുതൽ അത്രയേറെയാണ്. പക്ഷികളെ ശല്യം ചെയ്യുന്നവരെ തല മൊട്ടയടിച്ചു കഴുതപ്പുറത്തു കയറ്റി പ്രദക്ഷിണം വയ്പിക്കാനും അവർക്കു മടിയില്ല. പക്ഷികൾ വന്നില്ലെങ്കിൽ തങ്ങൾക്കെന്തോ നിർഭാഗ്യം വരുന്നു എന്നു വിശ്വസിക്കുന്ന ഗ്രാമീണർ അവർക്കു കഴിയുന്നതുപോലെ പക്ഷികൾക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നു.മനുഷ്യനെ തെരുവിൽ ഉപദ്രവിക്കുന്ന പല മൃഗങ്ങൾക്കു വേണ്ടിയും മുറവിളികളുയർത്തുന്ന നാടാണ് കേരളം. എന്നാൽ അതിൽ എത്ര പേരുടെ വീടുകളിൽ പക്ഷികൾക്ക് കുടിക്കാൻ അൽപം ജലം വച്ചുകൊടുക്കാറുണ്ട്? വേനൽക്കാലത്ത് എങ്കിലും അതൊരു ശീലമാക്കിക്കൂടേ നമുക്ക്…നൻമ പുലരട്ടെ മലയാള ഗ്രാമങ്ങളിലും.