പാറ്റൂരിലും മുക്കുന്നിമലയിലും സംഭവിച്ചതെന്ത് ?

Official

പാറ്റൂർ ഭൂമി വിവാദത്തെക്കുറിച്ചു വിജിലൻസ് ബഹു ഹൈകോടതിക്കു കൊടുത്ത റിപ്പോർട്ടിനെ കുറിച്ച് ഇന്നത്തെ മാതൃഭൂമിയിൽ വന്ന റിപ്പോർട്ട് ആണ് ഇത്. നാലംഗ സമിതിയുടെ റിപ്പോർട്ടിൽ ജില്ലാ കളക്ടർ എന്ന നിലയിൽ ഞാൻ ഒപ്പിടുന്നതിനോട് ഒപ്പം എഴുതിയ റിമാർക്സ് ആണ് ഇത്. എന്റെ പേര് പരാമർശിച്ചിട്ടില്ല. പൈപ്പ് മാറ്റിയിടാൻ സ്കെച്ച് സഹിതം സർക്കാരിനോട് ശുപാർശ ചെയ്ത കളക്ടർ പ്രതിയുമല്ല.പക്ഷെ റിപ്പോർട്ട് കൊടുത്ത സമിതിയിലെ ലാൻഡ് revenue കമ്മിഷണർ , സർവ്വേ ഡയറക്ടർ ,ജില്ലാ കളക്ടർ എന്നിവരിൽ നിന്നും എന്നെ മാത്രം തിരഞ്ഞു പിടിച്ചു ലോകായുക്തയിൽ പ്രതി പട്ടികയിൽ ചേർത്തപ്പോൾ ആരും അതിന്റെ യുക്തിയെ കുറിച്ച് അന്വേഷിച്ചില്ല. 2014 ഏപ്രിൽ മാസത്തെ ലോക്സഭാ ഇലക്ഷന് തൊട്ടുമുൻപ് ഞങ്ങൾ മൂന്ന് പേരും ചേർന്ന് ഉണ്ടാക്കിയ റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങൾ, 1. തോട്ടിന്റെ കരയിൽ ഏകദേശം 13 സെന്റ് സ്ഥലം കൈയേറിയിട്ടുണ്ട് എന്ന് കാണുന്നു.2. പോക്കുവരവ് ചെയ്യുമ്പോൾ സബ് ഡിവിഷൻ സ്കെച്ച് ഉണ്ടാക്കിയിരുന്നെങ്കിൽ കൂടുതൽ ഭൂമി കൈയേറിയോ എന്ന് അറിയാമായിരുന്നു .അങ്ങനെ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ തഹസിൽദാർക്ക് അതിനു വേണ്ട നിർദേശം കൊടുക്കണം. ഈ റിപ്പോർട്ടിന്റെ താഴെയാണ് വാട്ടർ അതോറിറ്റിയുടെ എംഡിയുടെ അംഗീകാരം വാങ്ങാതെ റിപ്പോർട്ട് അംഗീകരിക്കരുത് എന്ന് ഞാൻ ഒപ്പിടും മുൻപ് സ്വന്തം കൈയക്ഷരത്തിലാണ് എഴുതിയത്. എന്നെ തിരഞ്ഞു പിടിച്ചു പ്രതിയാക്കി. ഹൈക്കോടതിയിൽ പോയി ഇതിനു എതിരെ സ്റ്റേ വാങ്ങിയ വകയിൽ ചെലവായതു എന്റെ ശമ്പളത്തിൽ നിന്നുമുള്ള തുകയാണ്.

2012 -ഇൽ ആണ് മുക്കുന്നിമലയിലെ ഭൂമി തിരിച്ചു പിടിക്കണം എന്ന നിർദേശം ലാൻഡ് revenue കമ്മിഷണർ ജില്ലാ കളക്ടർക്കു നൽകുന്നത്. ഞാൻ അല്ല അന്ന് കളക്ടർ. 2014 ഫെബ്രുവരി 17നു മാത്രമാണ് ഞാൻ കളക്ടർ ആയി ചാർജ് എടുക്കുന്നത്. സ്ഥലം എടുക്കാതെ ഫയൽ പൂഴ്ത്തി എന്നൊരു വിജിലൻസ് കേസ് ഉണ്ടെന്നു എല്ലാ പത്രങ്ങളിലും വന്നു. ലാൻഡ് ബാങ്കിലേക്ക് ഭൂമി ഏറ്റെടുക്കാൻ ഒരു സ്പെഷ്യൽ ഓഫീസറെയും (രതീശൻ ഐഎഎസ് ) എന്റെ കാലയളവിൽ commissonerate ഇൽ നിയമിച്ചിട്ടുണ്ടായിരുന്നു. ഞാൻ കളക്ടർ സ്ഥാനത്തു നിന്നും മാറിയിട്ട് 9 മാസം ആകുന്നു. നാളിതുവരെ ഇപ്പോഴത്തെ കളക്ടറോ കമ്മീഷണറോ പ്രസ്തുത സ്ഥലം തിരിച്ചു എടുത്തിട്ടില്ല. ആർക്കും പരാതിയില്ല. എനിക്ക് അയച്ച ഒരു D.O ലെറ്റർ അനുസരിച്ചു ഞാൻ പ്രവർത്തിക്കാതെ ഞാൻ ഫയൽ പൂഴ്ത്തി വെച്ചു എന്നാണ് കേസ് എന്ന് പത്രത്തിൽ നിന്നും മനസിലാക്കുന്നു.

എങ്ങനെയാണു ഫയൽ പൂഴ്ത്തുന്നത്. കളക്ടർ കൊണ്ടുപോകുന്ന ഫയൽ എന്റെ Confidential Asst (CA) നമ്പർ ഇട്ടു ആണ് ക്യാമ്പ് ഓഫിസിലേക്കു കൊടുത്തു വിടുന്നത്. ഒരു ഫയൽ തിരികെ വന്നില്ലെങ്കിൽ പിറ്റേദിവസം CA ക്യാമ്പ് ക്ലർക്കിനോട് അന്വേഷിക്കും. ഫയൽ കൈകാര്യം ചെയ്ത LDC മുതൽ Dy .കളക്ടർ വരെ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ കൊണ്ടുപോയ ഫയൽ തിരികെ വന്നില്ല എന്ന് അറിയും. കളക്ടർക്കു ഇക്കാര്യത്തിൽ താല്പര്യം ഉണ്ട് എന്ന വാർത്ത സഹപ്രവർത്തകരുടെ ഇടയിൽ പരക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിൽ ഈ ഫയലിൽ നിന്നും പോയ ഏതെങ്കിലും എഴുത്തിനു മറുപടി തഹസില്ദാരിൽ നിന്നോ മറ്റു ഏതെങ്കിലും ഓഫീസിൽ നിന്നും വരുമ്പോൾ അതിൽ ബന്ധപ്പെട്ട ഫയലിന്റെ നമ്പർ കാണുമ്പൊൾ ഉദ്യോഗസ്ഥർ ഫയൽ അന്വേഷിക്കും. ഇങ്ങനെ ഒക്കെ ഉള്ള സാഹചര്യം ഉള്ളപ്പോൾ ആണ് ഞാൻ ഫയൽ മുക്കിയത് എന്ന വാർത്ത വന്നത്. എല്ലാ പ്രധാന പത്രത്തിലും front പേജിൽ തന്നെ എന്റെ പേര് സഹിതം വാർത്ത വന്നു.

എന്റെ സർവീസ് കാലയളവിൽ IT @School പദ്ധതി, ViCTERS വിദ്യാഭ്യാസ TV ചാനൽ, ഭൂമി കേരളം സർവ്വേ പദ്ധതി , കാരുണ്യ ഫർമസി, കാരുണ്യ lottery, ഓപ്പറേഷൻ അനന്ത ,arteria ,take-a-break ടോയ്ലറ്റ് തുടങ്ങി അറിയാവുന്നതും അറിയാത്തതുമായ നിരവധി പദ്ധതികളാണ് ഞാൻ നേതൃത്വം കൊടുത്തു എന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ സർക്കാരിന് വേണ്ടി നടപ്പിലാക്കിയത്. ആരും അതിന്റെ വിജയം പ്രഖ്യാപിക്കുമ്പോൾ എന്റെ പേര് പറഞ്ഞിട്ടില്ല . നാഷണൽ e-governance അവാർഡ് 2005-ഇൽ കിട്ടിയത് ഒഴികെ ഒരു അവാർഡും നൽകിയിട്ടില്ല. ഞാൻ ഇന്നു വരെ ഒരു അവാർഡിന് അപേക്ഷിച്ചിട്ടില്ല. എന്നാലും ഇന്നും വികാസ്ഭവനിൽ നിന്നും രാത്രിയിൽ ഏറ്റവും അവസാനം ജോലി കഴിഞ്ഞു ഇറങ്ങുന്ന ഉദ്യോഗസ്ഥനാണ് ഞാൻ.

കഴിഞ്ഞ UDF ഗവണ്മെന്റ്ഇന്റെ കാലത്തു ഏറ്റവും ജനപ്രിയ പദ്ധതിയായ കാരുണ്യ ലോട്ടറിയും ബെനിവാലെന്റ ഫണ്ടും ചെയ്തതിനു പ്രതിഫലമായി കിട്ടിയത് ഒന്നല്ല രണ്ടു വിജിലൻസ് കേസ് ആണ് . മരുന്ന് വിപണന കോര്‍പറേഷൻ ആയ KMSCL ഇൽ മരുന്ന് വാങ്ങിയ വകയിൽ ഏകദേശം നാലര കോടി രൂപ നഷ്ടം (അഴിമതിയല്ല ) ഉണ്ടാക്കിയെന്നും ഞാനും 17 ഡോക്ടർമാരും ഓരോരുത്തർ 18 ലക്ഷം രൂപ വീതം സർക്കാരിന് തിരിച്ചു അടക്കണം എന്ന ധനകാര്യ വകുപ്പിന്റെ കണ്ടത്തെൽ അവസാനം വിജിലൻസ് കേസ് ആയി. VACB കേസ് തീർപ്പാക്കുമ്പോൾ കുറ്റവിമുക്തനാക്കി എഴുതി .അതിന്റെ ചുരുക്കം “The procedure followed by KMSCL is very transparent. There is no malafide intention on the part of officers concerned” . ഇങ്ങനെ കേസ് close ചെയ്യുമ്പോൾ ആരും വാർത്ത നൽകാറില്ല. കള്ളൻ എന്ന് വിളിച്ചു കല്ലെറിയാൻ എന്തൊരു ഉത്സാഹം. പല സ്ഥാപനങ്ങളിൽ ഇരുന്നു ഇപ്പോഴും രഹസ്യമായി അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ പേര് ഒരിക്കലും പുറത്തു വരില്ല. കൈക്കൂലി വാങ്ങാൻ അറിയാത്ത വില്ലജ് ഓഫീസർ 500 രൂപ വാങ്ങുന്നതാണ് അഴിമതി. അറിയാവുന്നവർക്ക് എങ്ങനെ കേസിൽ നിന്നും ഊരി പോകണം എന്ന് അറിയാം.

മുക്കുന്നിമലയിലെ ഫയൽ മുക്കിയ ഞാൻ തിരുവനതപുരം കളക്ടർ ആയിരുന്നപ്പോൾ വീണ്ടെടുത്ത സർക്കാർ സ്ഥലത്തിന്റെ പട്ടിക കൂടി അറിഞ്ഞാലും. ചീഫ് സെക്രട്ടറിയും ബഹു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും താമസിച്ചിരുന്ന കാവടിയാറിലെ ‘സുമാനുഷം’ എന്ന വീടിരിക്കുന്ന 54 സെന്റും വീടും, ഏതാനും ചില ഉദ്യോഗസ്ഥർ കൈവശം വെച്ചിരുന്ന വെള്ളയമ്പലത്തെ ‘ഓഫീസേഴ്സ് ക്ലബ്’ 24 സെന്റും കെട്ടിടവും, അതിനു തൊട്ടടുത്തെ 5 സെന്റും കെട്ടിടവും, തമ്പാനൂരിലെ തീയേറ്ററിന് മുൻപിലെ 8 സെന്റ് , കിഴക്കേകോട്ടയിലെ വാണിജ്യ സമുച്ചയത്തിനോട് ചേർന്ന 14 സെന്റ്. അങ്ങനെ മൊത്തത്തിൽ ഒരു ഏക്കർ 5 സെന്റ് . നഗരത്തിന്റെ കണ്ണായ ഭാഗങ്ങളിൽ കിടക്കുന്ന ഇതിന്റെ സാമാന്യ വില സെന്റിന് 50 ലക്ഷം രൂപ എന്ന നിലയിൽ കണക്കാക്കിയാൽ 50 കോടി രൂപയിൽ അധികം വരും. ഇതുകൂടാതെ പള്ളിക്കൽ വില്ലേജിൽ ഏറ്റെടുത്ത് സെന്റ് കണക്കിനല്ല , 15 ഏക്കർ വരുന്ന റബ്ബർ തോട്ടമാണ്. Operation Anatha യിൽ വീണ്ടെടുത്ത സ്ഥലത്തിന്റെ കൃത്യമായ കണക്കു എടുത്തിട്ടില്ല. 26 km ദൂരത്തിലാണ് ഓട 3.25 മീറ്റർ വീതിയിൽ വീണ്ടെടുത്ത്. ഇതൊന്നും ഏറ്റെടുത്തതു ഒരു land revenue commissioner അല്ലെങ്കിൽ land bank special officer പറഞ്ഞിട്ടോ DO letter എഴുതിയത് കൊണ്ടോ അല്ല . മടുത്തു തുടങ്ങി. തീരുമാനം എടുക്കില്ല എന്ന് തീരുമാനിച്ച ഉദ്യോഗസ്ഥരുള്ള നാട്ടിൽ ഞാനും ആ വഴിയേ പോകുന്നതാണ് നല്ലതു എന്ന് തോന്നി തുടങ്ങി. ഇനി പെൻഷൻ ഒരു പൈസ കുറയാതെ എങ്ങനെ ബാക്കി സർവീസ് പൂർത്തിയാക്കാം എന്ന് സർവീസിലെ വിദഗ്ധരോട് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കാം . നന്ദി എല്ലാവര്‍ക്കും