തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചതിനു നന്ദി

General

PDF രൂപം

എത്ര പേർ മാതൃഭൂമിയിൽ വന്ന മേൽ വാർത്ത കണ്ടിട്ടുണ്ട് എന്നറിയില്ല. കണ്ട അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും ഈ വാർത്ത ശരിയാണോ എന്ന് ചോദിച്ചു വിളിച്ചിരുന്നു. വാർത്ത ശരിയാണ്. കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ പലരും ബന്ധപ്പെട്ടിരുന്നു. നേരിട്ട് വിളിച്ചു വരുത്തി സമ്മതം ചോദിച്ചിരുന്നു. ആറ്റിങ്ങലിൽ മത്സരിക്കാൻ താത്പര്യമില്ല എന്നറിയിച്ചപ്പോൾ കൂടുതൽ സാധ്യതയുള്ള മറ്റൊരു സീറ്റിന്റെ പേര് ചൂണ്ടിക്കാട്ടി അവിടെ മത്സരിക്കാൻ താത്പര്യമുണ്ടോ എന്നും ചോദിച്ചിരുന്നു.

ഞാൻ കഴിഞ്ഞ 22 വർഷമായി മാറിമാറി വരുന്ന LDF , UDF ഗവണ്മെന്റുകളിൽ പ്രവർത്തിച്ചു വരുന്നു. പ്രവർത്തിച്ച വകുപ്പിലെ എല്ലാ മന്ത്രിമാരുമായും രണ്ടു മുന്നണിയിലെ ചില ജനപ്രതിനിധികളും നേതാക്കന്മാരുമായും ഔദ്യോഗിക ബന്ധത്തിനുപരിയായുള്ള നല്ല ബന്ധമാണ് പുലർത്തി വരുന്നത് – അതിനു കാരണം ഏതു പാർട്ടിയുടെ ഗവണ്മെന്റിൽ പ്രവർത്തിച്ചപ്പോഴും, ഇപ്പോഴും , ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഏൽപ്പിക്കുന്ന ചുമതലകൾ രാഷ്ട്രീയത്തിനും മതത്തിനും മേലെ ആത്മാർത്ഥതയോടെ അഴിമതിയില്ലാതെ നിർവഹിക്കുക എന്നതാണ് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കടമ എന്ന് വിശ്വസിച്ചു ജോലി ചെയ്യുന്നതുകൊണ്ടാണ് . അതു കരണമായിരിക്കും അസംബ്ലിയിലേക്ക് താങ്കളുടെ പേര് നിർദ്ദേശിക്കട്ടെ എന്ന ചോദ്യമായി മുൻപ് കായംകുളത്തെ ഇടതു പക്ഷത്തിലുള്ള ചില സുഹൃത്തുക്കൾ സമീപിച്ചിരുന്നു. അന്ന് തദ്ദേശീയമായി വന്ന വാർത്ത ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. 2011 -യിൽ കായംകുളത്തുനിന്നും അസംബ്ലിയിലേക്ക് മത്സരിക്കാമോ എന്നു ചോദിച്ചതും ഹൈ കമാൻഡിന്റെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള കേരളത്തിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാക്കളിൽ ഒരാൾ തന്നെയാണ് .

ഇതുവരെ എന്നെ അടുത്തറിയാവുന്നർ സ്നേഹ പൂർവം മത്സരിക്കാമോ ചോദിച്ചതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ദേശീയ നേതാക്കൾ വരെ എന്നോട് ഇപ്പോൾ ഏതാണ്ട് ഔദ്യോഗികമായി തന്നെ മത്സരിക്കാമോ എന്നു ചോദിച്ചത് എന്റെ ഇതുവരെയുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് കിട്ടിയ വലിയൊരു അംഗീകാരമായി ഞാൻ കരുതുന്നു. പ്രവർത്തനം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന അറിവ് തന്നെ ഏതൊരു ഉദ്യോഗസ്ഥനും കൂടുതൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കാനുള്ള ഊർജം നൽകും. അതാണ് ഇപ്പോൾ എന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ഞാൻ കൂടുതൽ ഊർജത്തോടെ സർക്കാരിൽ പ്രവർത്തിക്കും. മത്സരിക്കാൻ കഴിയില്ല എന്നും ഇപ്പോൾ മുന്നോട്ടു വെച്ചു നീട്ടിയ ഈ വലിയ അംഗീകാരത്തിനു നന്ദിയുണ്ടെന്നും നേതാക്കളെ അറിയിച്ചിട്ടുണ്ട്.

തിരുവന ന്തപുരം കളക്ടർ ആയിരുന്നപ്പോൾ പാർലമെൻറ് (2014) , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (2015), നിയമസഭാ (2016) തെരഞ്ഞെടുപ്പുകളുടെ ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്ന നിലയിലും അതിനു മുൻപ് നിരവധി തവണ വരണാധികാരിയുമായും പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ചെറിയതോതിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നു. തെരെഞ്ഞെടുപ്പുകൾ വളരെ അടുത്ത് നിന്ന് പലതവണ കണ്ടിട്ടുണ്ട്. ഇപ്പോൾ മത്സരിക്കാത്തതിന് പല കാരണങ്ങൾ ഉണ്ട് . ഒന്ന് ഒരു നല്ല വിഭാഗം ജനങ്ങൾ സ്ഥാനാർത്ഥിയുടെ മികവല്ല മറിച്ചു തന്റെ ജാതിക്കാരനാണോ മതക്കാരനാണോ എന്നാണ് വോട്ട് ചെയ്യുന്നതിന് മുൻപ് നോക്കുന്നത്. കാലങ്ങൾ എടുക്കും ഈ ചിന്താഗതി മാറി വരാൻ. രണ്ട്. ആറ്റിങ്ങലിൽ ഇപ്പോൾ എംപി ആയി പ്രവർത്തിക്കുന്ന ഡോ. സമ്പത്തും തിരുവന്തപുരത്തെ ഡോ. ശശി തരൂരും മികച്ച പാര്ലമെന്ററിയന്മാരാണ്. അന്താരാഷ്ട്ര പ്രശസ്തനായ ഡോ. തരൂർ ആണ് ഞങ്ങളുടെ എംപി എന്ന് പറയുന്നത് എന്നെ പോലെ എല്ലാ തിരുവന്തപുരത്തുകാർക്കും അഭിമാനമാണ്. ഇതിനകം തന്നെ ഇന്ത്യൻ പാർലമെൻറിൽ വളരെ സജീവമായി നിയമ ഭേദഗതികളും, പ്രൈവറ്റ് ബില്ലുകളും ഡിബേറ്റുകളും അവതരിപ്പിക്കുന്ന Dr.സമ്പത്തു ഒരു എംപി എന്തായിരിക്കണം എന്നതിന് മികച്ച മാതൃകയാണ്. ഉദാഹരണത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാർലമെൻറിൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് ഭേദഗതികൾ സമർപ്പിച്ചത് Dr .സമ്പത്താണ്. മൊത്തത്തിലുള്ള 1075 ഭേദഗതികളിൽ അദ്ദേഹം സമർപ്പിച്ച 590 ഭേദഗതികളിൽ നിന്നും 443 നിർദ്ദേശം ലോക്സഭാ സെക്രട്ടറിയേറ്റ് തെരെഞ്ഞെടുത്തു. ആറ്റിങ്ങലിൽ മത്സരിക്കുമ്പോൾ ഇന്ന് വരെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഇദ്ദേഹം ആണ് സഥാനാർത്ഥിയെകിൽ , ഇദ്ദേഹം മോശക്കാരനാണ് അതുകൊണ്ടു എനിക്ക് വോട്ട് ചെയ്യണം എന്ന് ജനങ്ങളോട് പറയാൻ എനിക്ക് പറ്റില്ല. അത് വെറും തരം താഴ്ന്ന രാഷ്ട്രീയമാകും. അത് വശമില്ല. മൂന്ന്. ഇപ്പോൾ ചുമതല തന്നിരിക്കുന്ന രണ്ടു വകുപ്പുകൾ എന്റെ ഔദ്യോഗിക ജീവിതത്തിൽ ലഭിച്ചവയിൽ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ്. സ്പെഷ്യൽ സെക്രട്ടറി ആയ എനിക്ക് സെക്രെട്ടറിയുടെ സ്വതത്ര ചുമതലയാണ് ഈ സർക്കാർ നൽകിയിട്ടുള്ളത് .അവശത അനുഭവിയ്ക്കുന്ന മുതിർന്ന പൗരന്മാർ, ട്രാൻസ്ജെന്ഡേഴ്സ് , മാനസിക നില വഷളായവർ, ഭിന്ന ശേഷിക്കാർ, തൃടങ്ങി പഠിക്കാൻ ബുദ്ധിമുട്ടുന്ന/ പീഡനത്തിരയായ കുട്ടികൾ വരെയുള്ള വിവിധ വിഭാഗക്കാർക്ക് വളരെ അധികം സേവനം ചെയ്യാൻ കഴിയുന്നത് മനസ്സിന് സംതൃപ്തി നൽകുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്കായി ഇത്തരത്തിൽ പ്രവർത്തിക്കാനും സർവേശ്വരൻ കനിഞ്ഞു നൽകിയ ഗവണ്മെന്റ് സെക്രട്ടറി എന്ന ഉന്നത പദവിയിൽ ഇനിയും വര്ഷങ്ങളോളം നിന്നു കൊണ്ട് അവർക്കു ആശ്വാസം നൽകാനും അവസരമുണ്ട് . ഈ കാരണങ്ങൾ കൊണ്ടാണ് ഞാൻ മത്സരിക്കാനില്ലാ എന്ന് വിനയപൂർവം ബഹുമാന്യ നേതാക്കളെ അറിയിച്ചത്. മത്സരിക്കണം എന്ന് പറഞ്ഞ സുഹൃത്തുക്കൾക്കും മത്സരിക്കരുത് എന്ന് പറഞ്ഞ സുഹൃത്തുക്കൾക്കും നന്ദി

PDF രൂപം